പാര്‍ലമെന്റില്‍ ഇന്ന് പ്രധാനമന്ത്രിയും ലോക്‌സഭ പ്രതിപക്ഷ നേതാവും നേര്‍ക്കുനേര്‍


ഡല്‍ഹി: ഭരണഘടനയുടെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി പാര്‍ലമെന്റില്‍ ഇന്നലെ തുടങ്ങിയ പ്രത്യേക ചര്‍ച്ചക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി പറയും. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗവും ഇന്നുണ്ടാകും. ഇന്നലെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിവെച്ച ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി സംസാരിച്ചിരുന്നു. ഭരണഘടനയില്‍ തുടങ്ങി കര്‍ഷക പ്രക്ഷോഭവും, അദാനിയും, സംഭലും മണിപ്പൂരുമെല്ലാം പരാമര്‍ശിച്ച പ്രിയങ്ക പാര്‍ലമെന്റേറിയന്‍ എന്ന നിലയിലെ തന്റെ ആദ്യ പ്രസംഗത്തില്‍ കത്തിക്കയറിയിരുന്നു.

രാജ്യത്തെ ഓരോ പൗരന്റെയും അവകാശങ്ങള്‍ ഭരണഘടന ഉറപ്പുവരുത്തുന്നുവെന്നും അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിന് കരുത്തും സംരക്ഷണവും ആകുന്നുവെന്നും പറഞ്ഞാണ് പ്രിയങ്ക പറഞ്ഞുതുടങ്ങിയത്. ആ സുരക്ഷാകവചം തകര്‍ക്കാനാണ് കഴിഞ്ഞ പത്ത് വര്‍ഷമായി ബിജെപി ശ്രമിക്കുന്നതെന്നും ഭരണഘടനയെ അട്ടിമറിക്കാനുള്ള നീക്കം ജനങ്ങള്‍ അനുവദിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു. എന്തുകൊണ്ട് ജാതി സെന്‍സസ് നടപ്പിലാക്കുന്നില്ലെന്നും പ്രിയങ്ക ചോദിച്ചിരുന്നു. കര്‍ഷക പ്രക്ഷോഭത്തെയും പ്രിയങ്ക പരാമര്‍ശിച്ചിരുന്നു. കര്‍ഷകരുടെ സ്വപ്നങ്ങളെ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുകയാണെന്നായിരുന്നു പ്രിയങ്ക പറഞ്ഞത്.

Comments (0)
Add Comment