പോലീസ് സ്റ്റേഷൻ ഡിവൈഎഫ്ഐ പ്രവർത്തകരുടെ വിഹാരകേന്ദ്രമാക്കി; വയർലെസ് കൊണ്ടും ആക്രമിച്ചു: നടപടി വേണമെന്ന് കോണ്‍ഗ്രസ് നേതൃത്വം

 

കണ്ണൂർ: പഴയങ്ങാടിയിൽ പൊലീസ് പ്രകോപനം ഉണ്ടാക്കിയതായി കണ്ണൂർ ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്. കരുതൽ തടങ്കൽ എന്തിനായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കണം. പോലീസിന്‍റെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായി. രണ്ടു പേർ കരിങ്കൊടി കാണിച്ചാല്‍ ഇത്ര പ്രകോപനം എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ വയർലെസ് കൊണ്ട് പോലീസുകാരൻ ആക്രമിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരനാണ് വയർലെസ് കൊണ്ട് അക്രമിച്ചത്. ആ പോലീസുകാരന് എതിരെ നടപടി എടുക്കണമെന്ന് മാർട്ടിന്‍ ജോർജ് ആവശ്യപ്പെട്ടു.

‘കരുതൽ തടങ്കലിൽ എവിടെയാണ് പ്രകോപനം ഉണ്ടായത്. ഇവിടെ പോലീസ് വീഴ്ചയാണ് ഉണ്ടായത്. കരുതൽ തടങ്കലിൽ എടുത്തവരെ വിട്ടയക്കാത്തതിലാണ് പ്രതിഷേധിച്ചത്. എന്തിനാണ് ഇങ്ങനെ ആക്രമിച്ചത്. മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി സ്റ്റാഫ് വയർലെസ് വെച്ച് മർദ്ദിച്ചു. ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ്റെ തലയിൽ രക്തം കട്ടപിടിച്ചു. വയർലെസ് യൂത്ത് കോൺഗ്രസുകാരെ കുത്താൻ ഉള്ളതാണോ?’ – മാർട്ടിൻ ജോർജ് ചോദിച്ചു.

പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യം പുറത്തു വിടണം. പഴയങ്ങാടി പോലീസ് സ്റ്റേഷൻ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വിഹരിക്കാനായി നൽകിയതായും മാർട്ടിൻ ജോർജ് കുറ്റപ്പെടുത്തി. കണ്ണൂരിൽ വാർത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. പ്രവർത്തകരെ ആക്രമിച്ചാൽ കയ്യും കെട്ടി നോക്കി നിൽക്കില്ലെന്നും ശക്തമായി പ്രതികരിക്കുമെന്നും നേതൃത്വം വ്യക്തമാക്കി.

Comments (0)
Add Comment