തിരുവനന്തപുരത്ത് കുരുന്നിനെ കൊലപ്പെടുത്തിയത് അമ്മ തന്നെയെന്ന് പോലീസ്

 

തിരുവനന്തപുരം: പോത്തൻകോട് നവജാത ശിശുവിനെ കൊലപ്പെടുത്തിയത് അമ്മ തന്നെയെന്ന് സ്ഥിരീകരിച്ച് പോലീസ്. അമ്മ കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കുഞ്ഞിനെ വളർത്താൻ കഴിയാത്തതിനാലാണ് കൊലപ്പെടുത്തിയതെന്ന് അമ്മ പൊലീസിൽ മൊഴി നൽകി.

കുഞ്ഞ് ജനിച്ചപ്പോൾ തന്നെ ആവശ്യത്തിന് ഭാരം ഉണ്ടായിരുന്നില്ല. കുട്ടിക്ക് വൃക്കസംബന്ധമായ അസുഖം ഉണ്ടായിരുന്നു. തുടർ ചികിത്സ നടത്താനോ കുട്ടിയെ നന്നായി വളർത്താനോ സാഹചര്യമില്ലെന്ന് അമ്മ പോലീസിൽ മൊഴി നൽകി. മൂത്ത ഒരു കുട്ടി കൂടി ഇവർക്കുണ്ട്. അതിനൊപ്പം രോഗം ബാധിച്ച ഈ കുട്ടിയെക്കൂടി വളർത്താൻ കഴിയാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സുരിത പോലീസിനോടു പറഞ്ഞു.

പോത്തൻകോട് മഞ്ഞമല കുറവൻ വിളാകത്ത് വീട്ടിൽ സജി-സുരിത ദമ്പതികളുടെ 36 ദിവസം പ്രായമുള്ള മകൻ ശ്രീദേവിനെ ആണ് കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയ്ക്കൊപ്പം ഉറങ്ങാൻ കിടന്ന കുഞ്ഞിനെ രാത്രി കാണാതാവുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Comments (0)
Add Comment