പ്ലസ് വണ്‍ പരീക്ഷ അടുത്ത ആഴ്ച തുടങ്ങിയേക്കും; തീരുമാനം ഉടന്‍

Jaihind Webdesk
Saturday, September 18, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ അടുത്ത ആഴ്ച തുടങ്ങിയേക്കും. തീയതി സംബന്ധിച്ച് ഇന്നു മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കാനാണ് സാധ്യത. 22 നോ 23 നോ തുടങ്ങി 10 ദിവസത്തിനകം പരീക്ഷ പൂർത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ശ്രമം.

ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഓഫ്‌ലൈനായി നടത്താൻ സുപ്രീം കോടതി ഇന്നലെ അനുമതി നൽകിയതിനെത്തുടർന്നാണ് നടപടികൾ തുടങ്ങിയത്. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഇന്നലെ വൈകിട്ടു തന്നെ ഉന്നതോദ്യോഗസ്ഥരുമായി വിഷയം ചർച്ച ചെയ്തു. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ സത്യവാങ്മൂലം തൃപ്തികരമാണെന്നും പരീക്ഷ നടത്തരുതെന്ന ഹർജി തള്ളുകയാണെന്നും ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

സംസ്ഥാനത്തെ കോളേജുകളും ഒക്‌ടോബർ 4ന് തുറക്കും. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുന്നതിന് സർക്കാർ ഉത്തരവിറക്കി. ബിരുദ, പിജി അവസാന വർഷ ക്ലാസുകളാണ് നേരിട്ട് നടത്തുക. പിജി ക്ലാസുകളിൽ മുഴുവൻ വിദ്യാർത്ഥികളും എത്തണം. ബിരുദ ക്ലാസുകൾ പകുതി വിദ്യാർത്ഥികളെ വീതം ഉൾപ്പെടുത്തി ഒന്നിടവിട്ട ദിവസങ്ങളിലോ സ്ഥലം ലഭ്യമാണെങ്കിൽ രണ്ടു ബാച്ചുകളായി ദിവസേനയോ നടത്താം.