പെരിയയില്‍ 91 ലക്ഷം, ലൈഫ് മിഷനില്‍ 55; വിവിധ കേസുകള്‍ക്കായി പിണറായി സര്‍ക്കാർ ചെലവഴിച്ചത് 9 കോടിയോളം

Jaihind Webdesk
Tuesday, July 12, 2022

തിരുവനന്തപുരം: വിവിധ കേസുകൾ വാദിക്കാൻ എൽഡിഎഫ് സർക്കാർ ഇതുവരെ ചെലവഴിച്ചത് 9 കോടിയോളം രൂപ. ലൈഫ് മിഷനിൽ സിബിഐ അന്വേഷണം തടയാൻ മാത്രം സർക്കാർ ചെലവഴിച്ചത് 55 ലക്ഷം രൂപയാണ്. നേരത്തെ പെരിയ ഇരട്ടക്കൊലപാതക കേസിലെ സിബിഐ അന്വേഷണത്തെ എതിർക്കാന്‍ 90 ലക്ഷത്തി 92,000 രൂപയാണ് ചെലവിട്ടത്. ആകെ 8 കോടി 72 ലക്ഷത്തി 92,000 രൂപയാണ് ഇടതു സർക്കാര്‍ വിവിധ കേസുകള്‍ക്കായി ഇതുവരെ ചെലവാക്കിയിരിക്കുന്നത്.

ലൈഫ് മിഷന്‍ കേസില്‍ ഹൈക്കോടതിയിൽ സർക്കാരിനുവേണ്ടി വാദിച്ച അഭിഭാഷകൻ കെ.വി വിശ്വനാഥിന് വക്കീൽ ഫീസ് നൽകിയത് 55 ലക്ഷം രൂപ. ഹൈക്കോടതിയിൽ മാത്രം ചെലവായത് 55 ലക്ഷം രൂപയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വിവിധ കേസുകളിലായി ഹാജരായ അഭിഭാഷകർക്ക് യാത്രാ ചെലവിനത്തിൽ 24.94 ലക്ഷവും താമസത്തിനായി 8.59 ലക്ഷവും നൽകിയതായി നിയമമന്ത്രി പി രാജീവ് രേഖാമൂലം നിയമസഭയിൽ നൽകിയ മറുപടിയിൽ പറയുന്നു.

ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിന് സർക്കാർ അനുമതി വേണമെന്ന വാദം തള്ളി അന്വേഷണത്തിന് സുപ്രീം കോടതി അനുമതി നൽകിയിരുന്നു. നേരത്തെ പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐ അന്വേഷിക്കുന്നത് തടയാനായി 90 ലക്ഷത്തി 92,000 രൂപ ചെലവാക്കിയിരുന്നു. 8 കോടി 72 ലക്ഷത്തി 92,000 രൂപയാണ് ഇടതുസർക്കാര്‍ വിവിധ കേസുകള്‍ക്കായി ഇതുവരെ ചെലവാക്കിയിരിക്കുന്നത്.