അന്നം മുടക്കുന്നതിന്‍റെ കുത്തകാവകാശം സിപിഎമ്മിന് ; പിആർ വർക്കിലൂടെ കോടികളുടെ അഴിമതി മൂടിവെക്കാന്‍ പിണറായി സർക്കാർ ശ്രമം : കെ.സി വേണുഗോപാല്‍ എം.പി

Jaihind News Bureau
Monday, March 29, 2021

കണ്ണൂർ : പിണറായി സര്‍ക്കാര്‍ നടത്തിയ കോടികളുടെ അഴിമതികള്‍ മൂടിവെക്കാൻ വേണ്ടി പിആര്‍ ടീമിനെ ഉപയോഗിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എം.പി.സിപിഎം ഒരു വ്യക്തിയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. അന്നം മുടക്കുന്ന പാരമ്പര്യം യുഡിഎഫിനില്ല. അതിൻ്റെ കുത്തകാവകാശം സിപിഎമ്മിനാണെന്നും കെ.സി വേണുഗോപാൽ കണ്ണൂരിൽ പറഞ്ഞു.

യുഡിഎഫ് കണ്ണൂർ വെസ്റ്റ് മണ്ഡലം കുടുംബ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് കെ.സി വേണുഗോപാൽ എം.പി, സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനം നടത്തിയത്. സമസ്ത മേഖലയിലും പരാജയപ്പെട്ട സർക്കാരാണ് കേരളം ഭരിക്കുന്നത്. സർക്കാരിനെതിരെ ഓരോ ആരോപണങ്ങൾ വരുമ്പോഴും അതിൽ നിന്ന് തലയൂരാനായി യുഡിഎഫിനെയും, യുഡിഎഫ് നേതാക്കളെയും കുറ്റം പറയുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും ചെയ്യുന്നത്. സിപിഎം ഒരു വ്യക്തിയിൽ മാത്രമായി കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.

അന്നംമുടക്കുന്ന പാരമ്പര്യം യുഡിഎഫിനില്ല. അതിൻ്റെ കുത്തകാവകാശം സിപിഎമ്മിനാണെന്നും കെ.സി വേണുഗോപാൽ കുറ്റപ്പെടുത്തി. കെ സുധാകരൻ എം.പി മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങിൽ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി സതീശൻ പാച്ചേനി ഉൾപ്പടെയുളള യുഡിഎഫ് നേതാക്കൾ സംസാരിച്ചു.