ദിലീപും പള്‍സര്‍ സുനിയും ഒന്നിച്ചുള്ള ചിത്രം വ്യാജമല്ല; ശ്രീലേഖയുടെ വാദം തള്ളി ചിത്രം പകര്‍ത്തിയ യുവാവ്

Jaihind Webdesk
Monday, July 11, 2022

കൊച്ചി: പൾസർ സുനിയും ദിലീപും ഒന്നിച്ചു നിൽക്കുന്ന ചിത്രം വ്യാജമല്ലെന്ന് ചിത്രം പകര്‍ത്തിയ ബിദിൽ. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ  നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വിശദീകരണവുമായി ബിദില്‍ രംഗത്തെത്തിയത്.

തൃശൂർ പുഴയ്ക്കൽ ടെന്നിസ് ക്ലബ്ബിൽ ഷൂട്ടിംഗ് എത്തിയതായിരുന്നു ദിലീപ്. അന്ന് താന്‍ ടെന്നിസ് ക്ലബ്ബിൽ ജോലി ചെയ്യുകയായിരുന്നു. അന്നെടുത്തതാണ് ആ സെല്‍ഫി. അതിൽ പൾസർ സുനിയും ഉൾപ്പെടുകയായിരുന്നു. ചിത്രവും അത് എടുക്കാന്‍ ഉപയോഗിച്ച ഫോണും അന്വേഷണ സംഘത്തിന് കൈമാറിയിരുന്നുവെന്നും ബിദിൽ വ്യക്തമാക്കി.

ദിലീപും പൾസർ സുനിയും ഒരുമിച്ചുള്ള ഫോട്ടോ വ്യാജം ആണെന്നായികുന്നു മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ യൂ ട്യൂബ് ചാനലിലൂടെ പറഞ്ഞത്. നടിയെ ആക്രമിച്ച കേസ് നിര്‍ണ്ണായക ഘട്ടത്തിൽ എത്തി നിൽക്കെയാണ് ആർ ശ്രീലേഖ ദിലീപിനെ അനുകൂലിച്ചും പോലീസിനെതിരെയും രംഗത്തെത്തിയത്.