വി.എസ് ശിവകുമാറിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയ ആളെ കണ്ടെത്തി

Jaihind Webdesk
Thursday, September 23, 2021

തിരുവനന്തപുരം : മുന്‍ മന്ത്രി വി.എസ് ശിവകുമാറിനെതിരെ സമൂഹമാധ്യമത്തിലൂടെ വ്യാജപ്രചരണം നടത്തിയ ആളെ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ജീവനക്കാരനായ ബിജുകുമാറിനെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു.

തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ആശുപത്രിയായ എസ്.കെ ആശുപത്രി മന്ത്രിയായിരിക്കെ വി.എസ് ശിവകുമാർ വാങ്ങി എന്ന വ്യാജവാർത്തയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ദുരുദ്ദേശപരമായി നിരന്തരം വ്യാജപ്രചരണങ്ങൾ നടത്തുന്നതിനെതിരെ ശിവകുമാർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആളെ കണ്ടെത്തിയത്.

തെരഞ്ഞെടുപ്പ് സമയങ്ങളിലുള്‍പ്പെടെ തന്നെ അപകീർത്തിപ്പെടുത്തുന്നതിന് ചിലർ നടത്തുന്ന ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ശിവകുമാർ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ നിയമനടപടികളുമായി മുന്നോട്ടു പോകുകയാണെന്നും വി.എസ് ശിവകുമാർ പറഞ്ഞു.