വനിതാ ഡോക്ടർക്ക് രോഗിയുടെ മർദ്ദനം; സംഭവം തലശേരി ജനറല്‍ ആശുപത്രിയില്‍

 

കണ്ണൂർ: തലശേരി ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടറെ ചികിത്സയ്ക്കെത്തിയ രോഗി മർദ്ദിച്ചതായി പരാതി. ഡ്യൂട്ടി ഡോക്ടർ അമൃത രാഗിക്കാണ് ഇന്ന് പുലർച്ചെ രണ്ടു മണിക്ക് മർദ്ദനമേറ്റത്. ഡോക്ടറുടെ പരാതിയിൽ പിണറായി പാറപ്രം സ്വദേശി മഹേഷിനെതിരെ തലശേരി ടൗൺ പോലീസ് കേസെടുത്തു. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

വാഹനാപകടത്തിൽ പരിക്കേറ്റതാണെന്ന് പറഞ്ഞ് ഭാര്യയും സുഹൃത്തും കൂട്ടിക്കൊണ്ടുവന്നതായിരുന്നു മഹേഷിനെ. ഇയാൾ ചികിത്സയ്ക്കിടെ പ്രകോപിതനായി ഡോക്ടറുടെ നെഞ്ചത്ത് അടിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. മഹേഷിനെ പുതിയ നിയമപ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തി അറസ്റ്റു ചെയ്യണമെന്നും അല്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്നും കെജിഎംഒ എ ഭാരവാഹികൾ പറഞ്ഞു. സംഭവത്തിൽ തലശേരി ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി.

Comments (0)
Add Comment