ചേലക്കര: പ്രസ്ഥാനം സാധാരണക്കാരിയായ തന്നെ വലിയ അംഗീകാരം നല്‍കി കൈപ്പിടിച്ച് നടത്തുന്നുവെന്ന് ചേലക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. പാര്‍ട്ടി ഏല്‍പിച്ച ഉത്തരവാദിത്തം നിറവേറ്റുമെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.
കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും ആഗ്രഹിക്കുന്ന വിജയമായിരിക്കും കോണ്‍ഗ്രസ് ചേലക്കരയില്‍ നേടുക. ചേലക്കരയിലെ ആളുകളുടെ സ്നേഹവും പിന്തുണയുമായിരിക്കാം പാര്‍ട്ടി തീരുമാനത്തിന് പിന്നിലെന്നും രമ്യ പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിച്ച എല്ലാ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിഞ്ഞുവെന്നും രമ്യ കൂട്ടിച്ചേര്‍ത്തു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു രമ്യ ഹരിദാസ്.
‘ചേലക്കര ഉള്‍പ്പെടുന്ന ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ജനങ്ങളോടൊപ്പം സഞ്ചരിക്കാനും അനുഭവങ്ങള്‍ പങ്കുവെക്കാനും സുഖ- ദുഖങ്ങളില്‍ പങ്കാളിയായി യാത്ര ചെയ്യാനും സാധിച്ച ഒരാളെന്ന രീതിയില്‍, കോണ്‍ഗ്രസിന്റെ ഒരു എളിയ പ്രവര്‍ത്തക എന്ന രീതിയില്‍ പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിഞ്ഞിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് മെമ്പറായാണ് തുടക്കം കുറിക്കുന്നത്. നാല് വര്‍ഷത്തോളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ഇരിക്കുമ്പോഴാണ് 2019ല്‍ ഇടതുപക്ഷത്തിന് സ്വാധീനമുള്ള ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലേക്ക് പാര്‍ട്ടി അവസരം നല്‍കിയത്. അത് ഭംഗിയായി നിര്‍വഹിക്കാന്‍ കഴിഞ്ഞു. 2024ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും മികച്ച പ്രകടനം കാഴ്ചവെച്ചു.
ചേലക്കരയില്‍ സ്നേഹമുള്ള ആളുകള്‍ നല്‍കിയ പിന്തുണയായിരിക്കാം പാര്‍ട്ടി ഇത്തരത്തിലൊരു ഉത്തരവാദിത്തം ഏല്‍പ്പിക്കുന്നതിലേക്ക് നയിച്ചതെന്നാണ് മനസിലാക്കുന്നത്. ചേലക്കരയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്ന, കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ഏറ്റവും അടിത്തട്ടുള്ള സാധാരണക്കാരനും, കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഹൃദയം കൊണ്ട് സ്നേഹിക്കുന്ന ഏറ്റവും സാധാരണ പ്രവര്‍ത്തകരുമൊക്കെ ആഗ്രഹിക്കുന്ന ഒരു തിരഞ്ഞെടുപ്പ് ഫലമായിരിക്കും ചേലക്കരയിലേത്’, രമ്യ പറഞ്ഞു.