ആരോഗ്യവകുപ്പ് പനിപിടിച്ച് പുതച്ചുകിടക്കുന്നു; പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നത് സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം

 

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. പകർച്ചവ്യാധി വ്യാപനം തടയുന്നതിൽ സർക്കാരും ആരോഗ്യവകുപ്പും തികഞ്ഞ പരാജയമെന്നും സംസ്ഥാനത്ത് ആരോഗ്യവകുപ്പ് പനിപിടിച്ചു പുതച്ചു കിടക്കുന്നതായും പ്രതിപക്ഷം സഭയില്‍ ആരോപിച്ചു. പകർച്ചവ്യാധി മരണങ്ങളും വ്യാപനവും അധികരിക്കുമ്പോൾ ഫലപ്രദമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ ആരോഗ്യവകുപ്പ് കാട്ടുന്ന അനാസ്ഥകൾ അടിയന്തര പ്രമേയത്തിലൂടെ പ്രതിപക്ഷം സഭയിൽ തുറന്നു കാട്ടി. ആരോഗ്യ രംഗത്ത് ഇന്ന് കേരളം പിന്നോട്ട് നടക്കുന്നുവെന്നും മഴക്കാലപൂർവ്വ ശുചീകരണത്തിൽ കേരളം തികഞ്ഞ പരാജയമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

പകർച്ചവ്യാധി മരണങ്ങളും വ്യാപനവും സംസ്ഥാനത്ത് അധികരിക്കുമ്പോൾ ഫലപ്രദമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിൽ ആരോഗ്യവകുപ്പ് കാട്ടുന്ന അനാസ്ഥകളാണ് അടിയന്തര പ്രമേയത്തിലൂടെ പ്രതിപക്ഷം സഭയിൽ തുറന്നുകാട്ടിയത്. അതീവ ഗുരുതരമായ പ്രതിസന്ധിയാണ് നിലനിൽക്കുന്നതെന്നും രോഗികൾക്ക് മതിയായ ചികിത്സ ലഭിക്കാതെ ആശുപത്രികളിൽ നിലത്ത് കിടക്കേണ്ട അവസ്ഥ ഉണ്ടാകുന്നുവെന്നും വിഷയം സഭയിൽ അവതരിപ്പിച്ച ടി.വി. ഇബ്രാഹിം കുറ്റപ്പെടുത്തി. മതിയായ ആരോഗ്യ പ്രവർത്തകരില്ലാതെ പകർച്ചവ്യാധി വ്യാപനം തടയുന്നതിൽ പരാജയപ്പെട്ട ആരോഗ്യവകുപ്പ് പനിപിടിച്ചു പുതച്ചു കിടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ആരോഗ്യ രംഗത്ത് ഇന്ന് കേരളം പിന്നോട്ട് നടക്കുകയാണെന്നും കേട്ടുകേൾവി ഇല്ലാത്ത ഏത് രോഗവും പിടിപെടുന്ന സ്ഥലമായി കേരളം മാറുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. മഴക്കാല പൂർവ ശുചീകരണത്തിൽ കേരളം തികഞ്ഞ പരാജയമായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അമിത ചികിത്സാ ചിലവിൽ സാധാരണക്കാരൻ നട്ടം തിരിയുമ്പോൾ ഇതിന് ആശ്വാസമാകേണ്ട വിവിധ ആരോഗ്യ പദ്ധതികൾക്ക് പണം നൽകാതെ സർക്കാർ കാട്ടുന്ന അലംഭാവത്തെ വി.ഡി. സതീശന്‍ രൂക്ഷമായി വിമർശിച്ചു.

ആരോഗ്യ രംഗത്ത് കേരളം കൈവരിച്ച ചില നേട്ടങ്ങൾ ഉയർത്തിക്കാട്ടിയും കണക്കുകൾ നിരത്തിയും കേന്ദ്രത്തെ പഴിചാരിയുമായിരുന്നു ആരോഗ്യമന്ത്രി പ്രതിപക്ഷ ആരോപണങ്ങളെ സഭയിൽ നേരിട്ടത്. പകർച്ചവ്യാധി വ്യാപനം ഫലപ്രദമായി തടയുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനം ഉണ്ടാക്കി പ്രവർത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതിലും അടിയന്തര പ്രമേയത്തിന് അവതരണനുമതി നിഷേധിച്ചതിലും പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

Comments (0)
Add Comment