തിരുവനന്തപുരം: സർക്കാരിന്‍റെ കെടുകാര്യസ്ഥതയുടെ മകുടോദാഹരണമായി സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ മാറുകയാണെന്ന് പ്രതിപക്ഷം. സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാത്തതും ആറ്റകുറ്റപണി നടത്താത്തതും സൃഷ്ടിക്കുന്ന അപകടങ്ങളും ബുദ്ധിമുട്ടുകളും പ്രതിസന്ധികളും അടിയന്തര പ്രമേയത്തിലൂടെ പ്രതിപക്ഷം സഭയിൽ ഉയർത്തി. സംസ്ഥാനത്തെ റോഡുകളുടെ പരിതാപകരമായ അവസ്ഥ പരിഹരിക്കുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.
സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയും സമയബന്ധിതമായി നിർമ്മാണവും അറ്റക്കുറ്റ പണികളും പൂർത്തിയാക്കാത്തത് സൃഷ്ടിക്കുന്ന അപകടങ്ങളും ജനങ്ങളുടെ ബുദ്ധിമുട്ടുകളുമാണ് അടിയന്തര പ്രമേയത്തിലൂടെ പ്രതിപക്ഷം സഭയിൽ തുറന്നുകാട്ടിയത്. മഴക്കാലപൂർവ്വ ഓട്ടയടയ്ക്കലിന്‍റെ പേരിൽ കോടികളുടെ തട്ടിപ്പ് നടക്കുന്നതായും ചെളികൊണ്ട് ഓട്ടയടക്കുന്നതായും വിഷയം സഭയിൽ അവതരിപ്പിച്ച നജീബ് കാന്തപുരം കുറ്റപ്പെടുത്തി.
കരാറുകാർക്ക് സർക്കാർ കോടികളുടെ കുടിശ്ശിക വരുത്തിയതോടെ സംസ്ഥാനത്തെ നിർമ്മാണ പ്രവർത്തനങ്ങൾ സ്തംഭിച്ചതായി
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി. വകുപ്പുകളുടെ ഏകോപനം ഇല്ലായ്മ സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങളും വി.ഡി. സതീശന്‍ സഭയിൽ തുറന്നുകാട്ടി. സംസ്ഥാനത്തെ റോഡുകളുടെ പരിതാപകരമായ അവസ്ഥ പരിഹരിക്കുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷ ആരോപണങ്ങളെ നിഷേധിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി മികച്ച റോഡുകൾ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണെന്ന് സഭയെ അറിയിച്ചു.
അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.