വധശ്രമം ഉള്‍പ്പെടെ 40 ഗുരുതര കേസുകളുള്ള എസ്എഫ്ഐ നേതാവിനെതിരെ കാപ്പ ചുമത്താത്തത് എന്തുകൊണ്ട്? ഫർസീനെതിരായ നീക്കത്തെ ശക്തമായി എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Friday, August 19, 2022

കോഴിക്കോട്: വിമാനത്തിലെ പ്രതിഷേധത്തിന്‍റെ പേരിൽ കാപ്പ ചുമത്തി യൂത്ത് കോൺഗ്രസ് നേതാവിനെ ജയിലിൽ അടയ്ക്കാനുള്ള നീക്കത്തെ കോൺഗ്രസ് ശക്തമായി എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്ത എസ്എഫ്‌ഐ നേതാക്കള്‍ സ്വതന്ത്രമായി വിലസുമ്പോൾ കൊവിഡ് കാലത്ത് സമരം ചെയ്തതുപോലെ നിസാരമായ കേസുകളുള്ള ഫർസീനെതിരെ കാപ്പ ചുമത്താനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഫർസീനെതിരെ 19 കേസുകളുണ്ടെന്നാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. എന്നാൽ ഇതില്‍ 12 എണ്ണവും കൊവിഡ് കാലത്ത് സമരം ചെയ്തതിന്‍റെ പേരിലുള്ള പെറ്റി കേസുകളാണ് എന്നതാണ് വാസ്തവം. അതേസമയം ഗുരുതരമായ കേസുകളുള്ള എസ്എഫ്‌ഐ നേതാക്കൾ സ്വതന്ത്രമായി വിലസുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ എസ്എഫ്‌ഐ നേതാവിന്‍റെ പേരിൽ 40 ഗുരുതര കേസുകളാണ് ഉള്ളത്. വധശ്രമം, സ്ത്രീകൾക്കെതിരായ അക്രമം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെ 40 ഗുരുതര കേസുകളുള്ള എസ്എഫ്‌ഐ നേതാവിനെതിരെ കാപ്പ ചുമത്താത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

രാഷ്ട്രീയപ്രവർത്തനത്തിന്‍റെ പേരില്‍ കാപ്പ ചുമത്തിയാല്‍ അതിനെ ശക്തമായി എതിര്‍ക്കും. ഇത്തരം നടപടികള്‍ വേണ്ടെന്നും അദ്ദേഹം സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. കോഴിക്കോട് മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവ്.