തിരുവനന്തപുരം : യു.ഡി.എഫിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ലോഞ്ച് ചെയ്തു. വാർത്താ പ്രചാരണത്തിന് സോഷ്യല്‍ മീഡിയ വളരെ പ്രധാനമെന്നും ഇത് കാര്യക്ഷമമായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിൽ നടന്ന യു.ഡി.എഫ് യോഗത്തിലാണ് facebook.com/UDFKeralamofficial എന്ന പേജ് ലോഞ്ച് ചെയ്തത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് തുടങ്ങിയവർ കന്‍റോൺമെന്‍റ് ഹൗസിലും മറ്റ് യുഡി.എഫ് കക്ഷി നേതാക്കൾ ഓൺലൈനായും യോഗത്തിൽ പങ്കെടുത്തു. ഫേസ്ബുക്കിൽ ‘യുഡിഎഫ് കേരളം ഒഫീഷ്യൽ’ എന്ന് സെർച്ച് ചെയ്താൽ ഈ പേജിൽ എത്താം. സോഷ്യൽ മീഡിയയുടെ ഇക്കാലത്ത് ഇത്തരമൊരു ഫേസ് ബുക്ക് പേജ് അനിവാര്യമാണെന്നും യു.ഡി.എഫ് വാർത്തകളും വിവരങ്ങളും അപ്പപ്പോൾ തന്നെ ജനങ്ങളിലെത്തിക്കാൻ ഈ പേജിന് കഴിയുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. എല്ലാവരും ഈ പേജ് ലൈക്ക് ചെയ്ത് ഷെയർ ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. യു.ഡി.എഫിന്‍റെ പ്രചാരണായുധമായി ഈ പേജിനെ മാറ്റണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
യു.ഡി.എഫ് പ്രവർത്തകരും നേതാക്കളും ഈ പേജിൽ സജീവമാകണമെന്നും ജില്ലാ തലത്തിൽ നടക്കുന്ന സംഭവങ്ങൾ ഉൾപ്പെടെ ഈ പേജിലൂടെ ഷെയർ ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇനിമുതൽ ഈ പേജിലാണ് ഔദ്യോഗികമായി വിവരങ്ങൾ പ്രസിദ്ധീകരിക്കുകയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.എല്ലാ പ്രവർത്തകരും ഈ പേജ് ലൈക്ക് ചെയ്ത് ജനങ്ങളിൽ എത്തിക്കാൻ മുൻകൈ എടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി, നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി എം.പി, മുസ്ലീം ലീഗ് നേതാക്കളായ കെ.പി.എ മജീദ്, ഡോ. എം.കെ മുനീർ, പി. ജെ ജോസഫ്, അനൂപ് ജേക്കബ്, സി.പി ജോൺ. ജോൺ ജോൺ, ജി ദേവരാജൻ, എല്ലാ ജില്ലകളിൽ നിന്നുമുള്ള യു.ഡി.എഫ് നേതാക്കൾ തുടങ്ങിയവരും സൂം മീറ്റിംഗിൽ പങ്കെടുത്തു.
https://www.facebook.com/UDFKeralamOfficial/videos/1414155278792067