പന്തീരാങ്കാവില്‍ ദുരൂഹത തുടരുന്നു; വീട്ടുകാർക്കൊപ്പം പോകേണ്ടെന്ന് യുവതി; തിരികെ വിമാനത്താവളത്തില്‍ കൊണ്ടുവിട്ട് പോലീസ്

 

കൊച്ചി: പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിലെ പരാതിക്കാരിയായ പെൺകുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. വീട്ടുകാർക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് യുവതി നിലപാടെടുത്തതോടെ പോലീസ് വിമാനത്താവളത്തില്‍ തിരികെ കൊണ്ടാക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത യുവതിയെ ഇന്നലെ രാത്രി തന്നെ മജിസ്‌ട്രേട്ടിന്‍റെ മുന്നിൽ ഹാജരാക്കിയിരുന്നു. യുവതി തിരികെ ഡല്‍ഹിയിലേക്ക് പോയി.

വ്യാഴാഴ്ച രാത്രി 8.30-ന് വിമാനമാർഗം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ച യുവതിയെ കസ്റ്റഡിയിലെടുത്ത് വടക്കേക്കര പൊലീസ് സ്റ്റേഷനിലേക്കു മാറ്റുകയും തുടർന്ന് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. അച്ഛനും സഹോദരനും വന്നെങ്കിലും അവർക്കൊപ്പം പോകാൻ താൽപര്യമില്ലെന്ന് യുവതി പറഞ്ഞു. ഡൽഹിക്ക് തിരിച്ചു പോകണമെന്ന് അറിയിച്ചതിനെ തുടർന്ന് രാത്രി തന്നെ പോലീസ് അകമ്പടിയോടെ നെടുമ്പാശേരിയിൽ കൊണ്ടുവിടുകയായിരുന്നു. പിന്നാലെ യുവതി ഡൽഹിയിലേക്ക് തിരികെപോയി.

യുവതിയെ കാണാനില്ലെന്നു കുടുംബാംഗങ്ങൾ വടക്കേക്കര പോലീസിനു പരാതി നൽകിയിരുന്നു. ഓഫീസിലേക്കെന്നു പറഞ്ഞു 10 ദിവസം മുമ്പ് യുവതി വീട്ടിൽനിന്നു പോകുകയായിരുന്നു. തുടർന്നാണ് ഇവരെ പൊലീസ് കണ്ടെത്തി കൊച്ചിയിലെത്തിച്ചത്. വടക്കേക്കര പൊലീസിന്‍റെ മൂന്നംഗ സംഘം ഡൽഹിയില്‍ നിന്നാണ് യുവതിയെ കണ്ടെത്തിയത്. യുവതി യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശങ്ങളുടെ ചുവടുപിടിച്ചാണ് പോലീസ് ഡൽഹിയിൽ യുവതി താമസിച്ച സ്ഥലം കണ്ടെത്തിയത്.

വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണു ഭർത്താവ് രാഹുലിനെതിരെ സ്ത്രീധന പീഡന പരാതി നൽകിയതെന്നും രാഹുൽ നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടി തന്‍റെ യുട്യൂബ് ചാനൽ മുഖേന മൂന്നു വീഡിയോകൾ യുവതി പുറത്തുവിട്ടിരുന്നു. യുവതിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാകാമെന്നു പെൺകുട്ടിയുടെ വീട്ടുകാർ പ്രതികരിച്ചെങ്കിലും ഇത് നിഷേധിച്ച് മറ്റൊരു വീഡിയോ യുവതി പോസ്റ്റ് ചെയ്തു. മകൾ സ്വന്തമായി ഇത്തരത്തിൽ മാറ്റിപ്പറയുമെന്നു കരുതുന്നില്ലെന്നും പെൺകുട്ടി രാഹുലിന്‍റെ ആളുകളുടെ കസ്റ്റഡിയിലാണെന്നും അവർ നിർബന്ധിച്ചു പറയിപ്പിക്കുന്നതാണെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും യുവതിയുടെ പിതാവ് പറഞ്ഞു.

Comments (0)
Add Comment