ജനകീയ സമരത്തെ വര്‍ഗീയവത്കരിച്ച് അടിച്ചമര്‍ത്താനുള്ള നീക്കം വിലപ്പോകില്ല: കെ സുധാകരന്‍ എംപി

Jaihind Webdesk
Monday, March 21, 2022

 

തിരുവനന്തപുരം: കെ റെയിലിനെതിരായ ജനകീയ സമരത്തെ വര്‍ഗീയവത്കരിച്ച് അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമം വിലപ്പോകില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. ജനങ്ങളെ വെല്ലുവിളിച്ച് കെ റെയിലിന്‍റെ മറവില്‍ സര്‍ക്കാര്‍ നടത്തുന്ന അധിനിവേശത്തിനെതിരായ പ്രതിഷേധം ശക്തിപ്രാപിക്കുകയാണ്. വിറളിപൂണ്ട സര്‍ക്കാര്‍ ഏത് ഹീനതന്ത്രം പയറ്റിയും സമരം അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതിന്‍റെ ഭാഗമാണ് മുഖ്യമന്ത്രിയും സിപിഎമ്മും സമരക്കാരെ തീവ്രവാദികളായി ചീത്രികരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുട്ടികളെയും സ്ത്രീകളെയും നടുത്തെരുവില്‍ കൈകാര്യം ചെയ്യാന്‍ പോലീസിന് മുഖ്യമന്ത്രി മൗനാനുവാദം നല്‍കി. മുഖ്യമന്ത്രി അനാവശ്യ ധാര്‍ഷ്ട്യവും പിടിവാശിയും ഉപേക്ഷിക്കണം. കല്ലിടല്‍ തടഞ്ഞാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ജയിലിലടയ്ക്കുമെന്നുമാണ് സര്‍ക്കാരിന്‍റെ ഭീഷണി. ജീവിക്കാനുള്ള പോരാട്ടത്തിന്‍റെ പേരില്‍ സാധാരണ ജനങ്ങളെ ജയിലിലടയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ അതിനെ കോണ്‍ഗ്രസ് ശക്തമായി പ്രതിരോധിക്കും. നിയമത്തിന്‍റെ വാളോങ്ങി ജനകീയ പ്രതിഷേധാഗ്നി കെടുത്താമെന്ന മൂഢസ്വര്‍ഗത്തിലാണ് മുഖ്യമന്ത്രിയെന്നും കെ സുധാകരന്‍ എംപി പറഞ്ഞു.

കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരും കെ റെയില്‍ എംഡിയും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. കെ റെയില്‍ കടന്നു പോകുന്ന ഇരുവശങ്ങളിലും ബഫര്‍ സോണില്ലെന്ന് മന്ത്രി സജി ചെറിയാന്‍ പറയുമ്പോള്‍ അതിനെ പൂര്‍ണ്ണമായും തള്ളിക്കളയുകയാണ് കെ റെയില്‍ എംഡി. പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ അതിരില്‍ നിന്നും 5 മീറ്റര്‍ വരെ ഒരു നിര്‍മാണ പ്രവർത്തനവും പാടില്ലെന്നും തുടർന്നുള്ള 10 മീറ്റര്‍ വരെയുള്ള നിര്‍മാണത്തിന് അനുമതി വേണം എന്നുമാണ് കെ റെയില്‍ എംഡി പറയുന്നത്. തുടക്കം മുതല്‍ ഈ പദ്ധതിയുമായി പച്ചക്കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ കബളിപ്പിച്ച് ഈ പദ്ധതി ഏത് വിധേനയും നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമം. അതിന് ഒടുവിലത്തെ ഉദാഹരമാണ് മന്ത്രിയുടെ വാക്കുകള്‍. ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ ആര്‍ക്കുവേണ്ടിയാണ് ഈ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി കാര്‍ക്കശ്യം പിടിക്കുന്നതെന്നും കെ സുധാകരന്‍ എംപി ചോദിച്ചു.