വിഴിഞ്ഞത്തെത്തിയ മദർഷിപ്പ് സാന്‍ ഫെർണാണ്ടോ ഇന്ന് തീരം വിടും

 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ തീരത്ത് എത്തിയ ആദ്യ മദർഷിപ്പ് സാൻ ഫെർണാണ്ടോ ഇന്ന് തീരം വിടും. ഇന്നലെ തിരിക്കാൻ ആണ് തീരുമാനിച്ചിരുന്നതെങ്കിലും കപ്പലിൽ നിന്നും കണ്ടെയ്നറുകൾ ഇറക്കാൻ വൈകിയതാണ് മടക്കയാത്രയും വൈകാനുള്ള കാരണം.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സാൻ ഫെർണാണ്ടോ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടത്. വെള്ളിയാഴ്ച മുഖ്യമന്ത്രി ട്രയൽ റൺ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതിനുശേഷം അന്നു വൈകുന്നേരം തന്നെ മടങ്ങും എന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ കപ്പലിൽ നിന്ന് കണ്ടെയ്നർ ഇറക്കാൻ വൈകിയതാണ് കപ്പലിന്‍റെ മടക്കയാത്ര വൈകാനുള്ള കാരണം. സാൻ ഫെർണാണ്ടോ മടങ്ങിയാൽ തൊട്ടു പിന്നാലെ ഫീഡർ വെസലുകളും വിഴിഞ്ഞത്തെത്തും. മറീൻ അസർ എന്ന ഫീഡർ കപ്പൽ ആണ് കൊളംബിയയിൽ നിന്ന് വിഴിഞ്ഞത്തേക്ക് എത്തുന്നത്.

വിഴിഞ്ഞത്ത് ആദ്യം എത്തിയ സാൻ ഫെർണാണ്ടോ മടങ്ങിയതിനുശേഷമായിരിക്കും കപ്പലിന്‍റെ ബർത്തിംഗ്‌ നടക്കുക. സാൻ ഫെർണാണ്ടോയിൽ നിന്ന് ആകെ 1930 കണ്ടെയ്നറുകൾ ആണ് തുറമുഖത്തിറക്കിയത്. ട്രയൽ റൺ ആയതിനാൽ വളരെ സാവകാശമായിരുന്നു കണ്ടെയ്നറുകൾ ഇറക്കിയതും കയറ്റിയതും. ട്രയൽ റണ്ണിന്‍റെ ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതിരുന്നതും വിഴിഞ്ഞം തുറമുഖത്തിന്‌ തുടക്കമിട്ട മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് ചടങ്ങിൽ മുഖ്യമന്ത്രി പരാമർശിക്കാതിരുന്നതും വിവാദമായിരുന്നു.

Comments (0)
Add Comment