മന്ത്രിയുടെ വാക്ക് പാഴായി; 4 ദിവസമായി വെള്ളമില്ലാതെ തലസ്ഥാനം; നാളെ സ്‌കൂളുകള്‍ക്ക് അവധി

തിരുവനന്തപുരം: തലസ്ഥാനത്ത് വൈകിട്ട് നാലു മണിയോടെ നഗരത്തിലെ ജലവിതരണം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ വാക്ക് പാഴായി. രാത്രിയായിട്ടും ജലവിതരണം തുടങ്ങാനായില്ല. പമ്പിങ് ഇതുവരെ തുടങ്ങാന്‍ സാധിക്കാതെ വന്നതോടെ തലസ്ഥാനവാസികള്‍ കുടിവെള്ളമില്ലാതെ നരകിക്കുകയാണ്. കഴിഞ്ഞ 4 ദിവസമായി കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടിയിട്ടും പരിഹാരം കാണാന്‍ ഇതുവരെയും ഭരണസംവിധാനങ്ങള്‍ക്ക് സാധിച്ചിട്ടില്ല. നാലു ദിവസമായിട്ടും നടപടിയാവാത്തതില്‍ ജനങ്ങള്‍ പ്രതിഷേധത്തിലാണ്.

അതെ സമയം കുടിവെള്ളം പ്രശ്‌നം രൂക്ഷമായതോടെ തിരുവനന്തപുരം കോര്‍പറേഷനിലെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. സര്‍ക്കാരിനെതിരെ ഭരണകക്ഷി എംഎല്‍എ തന്നെ വിമര്‍ശനവുമായി രംഗത്തെത്തുന്ന സാഹചര്യവും ഇന്നുണ്ടാവുകയാണ്. കുടിവെള്ള പ്രശ്‌നം പരിഹരിക്കാത്തതു കുറ്റകരമായ അനാസ്ഥയാണെന്നു വി.കെ.പ്രശാന്ത് എംഎല്‍എ പറഞ്ഞു. ഒരു സ്ഥലത്തു പണിനടക്കുന്നതു കാരണം മുഴുവന്‍ ജലവിതരണവും മുടങ്ങുന്നത് എങ്ങനെയാണ് കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണിയുടെ അന്തിമഘട്ടത്തിലുണ്ടായ താളപ്പിഴയാണ് പ്രശ്‌നത്തിനു കാരണമെന്നാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

Comments (0)
Add Comment