‘ഒപ്പ് വെച്ചിട്ടുണ്ടോ എന്ന് നോക്കിപ്പറയാം’; മന്ത്രിയുടെ പ്രതികരണം പ്രതിപക്ഷ നേതാവിന്‍റെ ആരോപണം ശരിവെക്കുന്നതെന്ന് കെ.എസ് ശബരീനാഥന്‍ എം.എല്‍.എ

Jaihind News Bureau
Sunday, June 28, 2020

ഇ മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉയർത്തിയ ഗുരുതര ആരോപണം ശരിവെക്കുന്ന പ്രതികരണമാണ് ഗതാഗതമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് കെ.എസ് ശബരീനാഥന്‍ എം.എല്‍.എ. സ്വന്തം വകുപ്പിലെ 4500 കോടിയുടെ കരാര്‍ ഒപ്പ് വെച്ചോ എന്നത് നോക്കിയിട്ട് പറയാമെന്ന ഗതാഗതമന്ത്രിയുടെ പ്രതികരണം കാര്യങ്ങളുടെ പോക്ക് ഏത് ദിശയിലാണെന്നുള്ളതിന്‍റെ വ്യക്തമായ സൂചനയാണെന്ന് കെ.എസ് ശബരീനാഥന്‍ എം.എല്‍.എ.

4,500 കോടി രൂപയുടെ പദ്ധതിയെ സംബന്ധിച്ച ഫയൽ താൻ ഒപ്പ് വെച്ചിട്ടുണ്ടോ എന്നുള്ളത് നോക്കിയിട്ട് പറയാം എന്നാണ് മന്ത്രി പറയുന്നത്.  തന്‍റെ ഡിപ്പാർട്ട്മെന്‍റിലെ ഏറ്റവും വലിയ ഒരു പർച്ചേസ് മന്ത്രി അറിഞ്ഞിട്ടില്ല എന്നുള്ളത് ഏതു ദിശയിലാണ് കാര്യങ്ങൾ പോകുന്നത് എന്നുള്ളതിന്‍റെ വ്യക്തമായ സൂചനയാണെന്നും ശബരീനാഥന്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി. സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ‘കേരള ഇ മൊബിലിറ്റി സ്കാം’ എന്ന ഹാഷ് ടാഗോടെയാണ് ശബരിയുടെ ഫേസ്ബുക്ക് കുറിപ്പ്.

കെ.എസ് ശബരീനാഥന്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

”e-mobility പദ്ധതിയെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളാണ് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ഉന്നയിച്ചിരിക്കുന്നത്. 3000 ഇലക്ട്രിക് ബസ്സുകൾ വാങ്ങുവാൻ 4500 കോടിയുടെ കരാർ നൽകിയത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നുള്ള പ്രതിപക്ഷ ആരോപണങ്ങൾ ശരിവയ്ക്കുന്ന രീതിയിലാണ് ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രിയുടെ അവ്യക്തമായ മറുപടിയും അദ്ദേഹത്തിന്റെ ശരീരഭാഷയും.

4500 കോടി രൂപയുടെ പദ്ധതിയെ സംബന്ധിച്ച ഫയലിൽ താൻ ഒപ്പു വെച്ചിട്ടുണ്ടോ എന്നുള്ളത് നോക്കിയിട്ട് പറയാം എന്നാണ് മന്ത്രി പറയുന്നത്. തന്റെ ഡിപ്പാർട്ട്മെന്റിലെ ഏറ്റവും വലിയ ഒരു പർച്ചേസ് തീരുമാനം മന്ത്രി അറിഞ്ഞിട്ടില്ല, അല്ലെങ്കിൽ ആലോചിച്ചിട്ട് പറയാം എന്നുള്ളത് ഏതു ദിശയിലാണ് കാര്യങ്ങൾ പോകുന്നത് എന്നുള്ളതിന്‍റെ വ്യക്തമായ സൂചനയാണ്. ”
#keralaemobilityscam