‘വണ്ടിയുടെ ആർസി ബുക്ക് നോക്കാന്‍ മന്ത്രിക്ക് ആവില്ല’; പരേഡ് വിവാദത്തില്‍ നിന്ന് തലയൂരാന്‍ മന്ത്രി മുഹമ്മദ് റിയാസ്

 

കോഴിക്കോട്: റിപ്പബ്ലിക് ദിന പരേഡില്‍ കരാറുകാരന്‍റെ വാഹനത്തില്‍ അഭിവാദ്യം സ്വീകരിച്ചതിലെ വിവാദത്തില്‍ നിന്ന് ഒഴിഞ്ഞുമാറി മന്ത്രി മുഹമ്മദ് റിയാസ്. വണ്ടിയുടെ ആര്‍സി ബുക്ക് നോക്കാന്‍ മന്ത്രിക്കാവില്ലെന്നും തനിക്ക് ഉത്തരവാദിത്വമില്ലെന്നും പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചു.

റിപ്പബ്ലിക് ദിന പരേഡിൽ കരാറുകാരന്‍റെ വാഹനത്തിൽ കയറി അഭിവാദ്യം സ്വീകരിച്ചത് വിവാദമായതോടെയാണ് പൊതുമരാമത്ത് മന്ത്രിയുടെ തലയൂരല്‍ പ്രസ്താവന. പരേഡിന് കയറുന്ന വാഹനത്തിന്‍റെ ആർസി ബുക്ക് പരിശോധിക്കാനൊന്നും മന്ത്രിമാർക്ക് ഉത്തരവാദിത്തമില്ലെന്നാണ് മന്ത്രിയുടെ വാദം.ആരുടെ വണ്ടിയാണെന്നാണ് പരിശോധിച്ചിട്ട് മന്ത്രിക്കതിൽ കയറാൻ പറ്റില്ലെന്നും അത് ജില്ലാ ഭരണകൂടവും പൊലീസുമെല്ലാം ചേർന്ന് ചെയ്യേണ്ട കാര്യങ്ങളാണെന്നും മന്ത്രി വിശദീകരിക്കുന്നു. മാധ്യമങ്ങൾ നൽകിയ വാർത്ത വിഷയത്തിൽ മന്ത്രി എന്തോ പങ്കുവഹിച്ച പോലെയാണ്. കയറിയത് ഒരു പിടികിട്ടാപ്പുള്ളിയുടെ വണ്ടിയായാലും മന്ത്രിക്ക്‌ ഉത്തരവാദിത്വം ഒന്നുമില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

റിപ്പബ്ലിക് ദിന പരേഡിലാണ് അഭിവാദ്യം സ്വീകരിക്കാൻ കൈരളി കൺസ്ട്രക്ഷൻസിന്‍റെ വാഹനത്തിൽ കയറിയത്. മാവൂർ സ്വദേശി വിപിൻ ദാസന്‍റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. സാധാരണ പോലീസ് വാഹനത്തിലാണ് അഭിവാദ്യം സ്വീകരിക്കേണ്ടത്. ഇത് വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി മന്ത്രി റിയാസ് രംഗത്തു വന്നത്.

Comments (0)
Add Comment