ആലപ്പുഴ : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെ ആലപ്പുഴ ഡി.സി.സി പ്രസിഡന്‍റ് അഡ്വ. എം ലിജു നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാലയ്ക്ക് തുടക്കമായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യാത്ര ഉദ്ഘാടനം ചെയ്തു. കേന്ദ്ര ബജറ്റ് ജനങ്ങളുടെ പ്രതീക്ഷയായിരുന്നു. എന്നാൽ നിരാശ മാത്രമാണ് ബജറ്റ് സമ്മാനിച്ചത്. ഇന്ത്യയുടെ പുനരുദ്ധാരണത്തിനായി ഒന്നും തന്നെ ബജറ്റിലുണ്ടായില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയുമാണ് ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് അഡ്വ. എം ലിജുവിന്‍റെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭ ജ്വാല സംഘടിപ്പിക്കുന്നത്. പെരുമ്പളം ദ്വീപിൽ വെച്ച് നടന്ന പ്രക്ഷോഭ ജ്വാലയില്‍ അഡ്വ. ഷാനിമോൾ ഉസ്മാൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരായാണ് ഈ പ്രക്ഷോഭ ജ്വാലയെന്ന് ഡി.സി.സി പ്രസിഡന്‍റ് എം ലിജു പറഞ്ഞു. കെ.പി.സി സെക്രട്ടിമാർ, മുൻ എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിലെ 72 പഞ്ചായത്തും 6 മുൻസിപ്പാലിറ്റികളും ഉൾപ്പെടെ 457 കിലോമീറ്റർ പര്യടനം നടത്തുന്ന യാത്ര ഫെബ്രുവരി 23 ന് ആലപ്പുഴ ബീച്ചിൽ സമാപിക്കും.