‘സംസ്ഥാന സർക്കാരിന്‍റെ പിടിപ്പുകേടില്‍ ദേശീയ ആരോഗ്യ മിഷന് കീഴിലെ കോടികളുടെ സഹായം നഷ്ടമാക്കിയത് വന്‍ തിരിച്ചടി’: കൊടിക്കുന്നില്‍ സുരേഷ് എം.പി

ദേശീയ ആരോഗ്യ മിഷന് കീഴിൽ കേരളത്തിന് ലഭിക്കേണ്ട കോടികളുടെ സഹായം സംസ്ഥാന സർക്കാരിന്‍റെ പിടിപ്പുകേട് മൂലം നഷ്ടപ്പെടുന്നത് ആരോഗ്യമേഖലയിലെ കേരളത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തിന് വൻ തിരിച്ചടിയായി എന്ന് കോൺഗ്രസ് ലോക്സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി. ദേശീയ ആരോഗ്യ മിഷന് കീഴിൽ ലഭിക്കേണ്ടിയിരുന്ന രണ്ടാം ഗഡുവായ കോടികളുടെ സഹായം നഷ്ടപ്പെടുമെന്ന് കാണിച്ച് കേന്ദ്ര ആരോഗ്യമന്ത്രി തന്നെ മുഖ്യമന്ത്രിക്ക് കത്തെഴുതിയ സാഹചര്യം അതീവ ഗുരുതരമാണെന്നും ഇത് സംസ്ഥാന ആരോഗ്യവകുപ്പിന്‍റെ പരിപൂർണ്ണ പരാജയമാണെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി കൂട്ടിച്ചേർത്തു . 2019-20 സാമ്പത്തിക വർഷത്തിലെ ദേശീയ ആരോഗ്യ മിഷൻ പദ്ധതി പ്രകാരം 1076 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചത്. ഇതിന്‍റെ ആദ്യ ഗഡു കേന്ദ്രം സംസ്ഥാന സർക്കാരിന് കൈമാറുകയും ചെയ്തിരുന്നു .

എന്നാൽ ആദ്യഘട്ടത്തിലെ സംസ്ഥാന വിഹിതമായ 386 കോടി രൂപ സംസ്ഥാന സർക്കാർ നൽകിയില്ല. ഒപ്പംതന്നെ കേന്ദ്ര വിഹിതം സംസ്ഥാനസർക്കാർ ട്രഷറിയിൽ നിന്ന് എൻ.എച്ച്.എം സൊസൈറ്റിക്ക് കൈമാറിയിട്ടില്ല എന്ന ആരോപണം ഈ തുക വകമാറ്റി ചെലവഴിച്ചു എന്ന ഗുരുതരമായ പ്രശ്നത്തിലേക്ക് വിരൽ ചൂണ്ടുന്നു എന്നും കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. അതീവ ഗുരുതരമായ കൃത്യവിലോപം അന്വേഷിക്കുവാനും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും സർക്കാർ തയാറാകണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.

എന്നിരുന്നാലും കൊറോണ വ്യാപന പ്രതിരോധ രംഗത്ത് ശക്തമായ മുന്നേറ്റം നടത്തുന്ന കേരള സംസ്ഥാനത്തിന് ഇപ്പോഴത്തെ ഈ ഗുരുതരമായ സാഹചര്യം പരിഗണിച്ച് എൻ.എച്ച്.എം പദ്ധതിയിലെ തുക അനുവദിക്കുന്നത് കേന്ദ്ര സർക്കാർ വിലക്കരുതെന്നും എത്രയും പെട്ടെന്ന് തന്നെ രണ്ടാം ഗഡു നൽകി കേരളത്ത സഹായിക്കുകയും ചെയ്യണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.

Comments (0)
Add Comment