കണ്ണൂര്‍ വിസി നിയമനം; മന്ത്രി ആർ ബിന്ദുവിനെതിരായ രമേശ് ചെന്നിത്തലയുടെ ഹര്‍ജി ലോകായുക്ത ഇന്ന് പരിഗണിക്കും

Jaihind Webdesk
Tuesday, February 1, 2022

തിരുവനന്തപുരം : കണ്ണൂര്‍ വിസി നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ആര്‍ ബിന്ദുവിനെതിരായ ഹർജി ലോകായുക്ത ഇന്ന് പരിഗണിക്കും. സര്‍വകലാശാല വൈസ്ചാന്‍സലര്‍ പുനര്‍നിയമനത്തില്‍ മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല നൽകിയ ഹര്‍ജിയാണ് ലോകായുക്ത പരിഗണിക്കുന്നത്. അതേസമയം ലോകായുക്ത ഓർഡിനൻസിൽ സർക്കാർ ഇന്ന് ഗവർണർക്ക് വിശദീകരണം നൽകും.

കണ്ണൂർ വിസി നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന്‍റെ ഇടപെടലുകൾ അധികാരം ദുർവിനിയോഗം ചെയ്തതാണെന്ന് ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല നൽകിയ ഹർജിയാണ് ഇന്ന് ലോകായുക്ത പരിഗണിക്കുന്നത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ ആര്‍ റഷീദും കേസിന്‍റെ തുടര്‍വാദം കേള്‍ക്കും. വൈകുന്നേരം മൂന്ന് മണിക്ക് ഓണ്‍ലൈനായാണ് കേസ് കോടതി പരിഗണിക്കുക. കണ്ണൂർ വൈസ് ചാൻസിലർ  നിയനമത്തിൽ സ്വജനപക്ഷപാതപരമായ സമീപനമാണ് മന്ത്രി കാണിച്ചതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെ അയോഗ്യയാക്കണമെന്നും രമേശ് ചെന്നിത്തല ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. സർവകലാശാല നിയമനത്തിൽ ആർ ബിന്ദു കത്തെഴുതിയത് മന്ത്രി എന്ന നിലയിലാണോ പ്രോ ചാന്‍സിലര്‍ എന്ന നിലയിലാണോ എന്ന് വ്യക്തമാക്കണമെന്ന് ലോകായുക്തയും ആവശ്യപ്പെട്ടിട്ടുണ്ട്.

നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ഗവര്‍ണര്‍ക്ക് അയച്ച കത്തുകളുടെ അനുബന്ധ ഫയലുകള്‍ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രേഖകള്‍ ഹാജരാക്കുകയാണെങ്കിൽ കേസ് ഫയലിൽ സ്വീകരിക്കണമോ എന്നതിൽ വാദം തുടങ്ങും. എന്നാൽ ഗവർണർക്ക് അയച്ച കത്തിനെ ന്യായീകരിച്ചും ഉന്നത വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തിയിരുന്നു. സർവകലാശാലാ നിയമനങ്ങളിലെ മന്ത്രിയുടെ ഇടപെടലുകൾ വിവാദമാ സാഹചര്യത്തിൽ ലോകായുക്ത വിധി നിർണായകമാകും. അതേസമയം ലോകായുക്ത ഓർഡിനൻസുമായി ബന്ധപ്പെട്ട് സർക്കാർ ഇന്ന് ഗവർണർക്ക് വിശദീകരണം നൽകിയേക്കും. നിയമസഭാ സമ്മേളനം ചേരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ധൃതിപിടിച്ച് ഓർഡിനൻസ് നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷം ഉന്നയിച്ച പരാതിയിലാണ് ഗവർണർ സർക്കാരിനോട് വിശദീകരണം തേടിയത്. 22 വർഷങ്ങൾക്ക് മുമ്പ് നിയമസഭ പാസാക്കിയ നിയമത്തിൽ ഓർഡിനൻസിലൂടെ ഭേദഗതി വരുത്താനുള്ള തീരുമാനത്തിനെതിരെ ഇടതുമുന്നണിയിൽ തന്നെ പ്രതിഷേധം ശക്തമാണ്. ഈ സാഹചര്യത്തിൽ ലോകായുക്ത വിഷയത്തിൽ ഗവർണർ എടുക്കുന്ന നിലപാടും നിർണായകമാകും.