തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം; പാനലിൽനിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്ന ബിൽ പാസാക്കി ലോക്സഭ

തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിനുള്ള പാനലിൽനിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്ന ബിൽ ലോക്‌സഭ പാസാക്കി. ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. ഭൂരിപക്ഷം പ്രതിപക്ഷ എം.പിമാരും സസ്‌പെൻഡ് ചെയ്യപ്പെട്ടതിനായാണ് ബില്‍ ശബ്ദവോട്ടോടെ പാസാക്കിയത്.

നേരത്തെ രാജ്യസഭ ബിൽ പാസാക്കിയിരുന്നു. ഈ വർഷം ആദ്യം തന്നെ സുപ്രീംകോടതി ഒരു ഉത്തരവിട്ടിരുന്നു. പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരുടെ പാനലാണ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കേണ്ടതെന്നായിരുന്നു ഉത്തരവ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രവർത്തനത്തിൽ രാഷ്ട്രീയ ഇടപെടൽ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കോടതി നിർദേശം. തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിന് സർക്കാർ പുതിയ നിയമനിർമ്മാണം നടത്തുന്നത് വരെ ഉത്തരവ് നിലനിൽക്കുമെന്നും കോടതി പറഞ്ഞിരുന്നു.

സർക്കാർ പുതിയ നിയമം കൊണ്ടുവന്നത് തന്നെ കോടതി ഉത്തരവ് മറികടക്കുന്നതിന് വേണ്ടിയായിരുന്നു . ചീഫ് ജസ്റ്റിസിന് പകരം പ്രധാനമന്ത്രി നിർദേശിക്കുന്ന കേന്ദ്രമന്ത്രിയാണ് ഇനി സമിതിയിലുണ്ടാവുക. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സ്വയംഭരണാധികാരം ഇല്ലാതാക്കുമെന്നും കേന്ദ്രസർക്കാരിന് താൽപര്യമുള്ളവരെ നിയമിക്കാനുള്ള നീക്കമാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സ്വയംഭരണവും നിർഭയത്വവും സത്യസന്ധതയും കേന്ദ്രസർക്കാർ ബുൾഡോസ് ചെയ്ത് തകർത്തെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല രാജ്യസഭയിൽ പറഞ്ഞു.

Comments (0)
Add Comment