വരും തിരഞ്ഞെടുപ്പുകളിലും കെഎസ്‌യു തരംഗം ആവർത്തിക്കും; എസ്എഫ്ഐയുടെ ധാർഷ്ട്യത്തിന്‍റെ രാഷ്ട്രീയത്തിനേറ്റ തിരിച്ചടി: അലോഷ്യസ് സേവ്യർ

 

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലുള്ള കെഎസ്‌യു മുന്നേറ്റം ഇനി വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ. ക്യാമ്പസ് ജോഡോ സർവകലാശാലാതല ശില്പശാല നടത്തിയ ശേഷമാണ് കെഎസ്‌യു കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളെ നേരിട്ടത്. എസ്എഫ്ഐയുടെ ധാർഷ്ട്യം നിറഞ്ഞ രാഷ്ട്രീയത്തിന് വിദ്യാർത്ഥി സമൂഹം നൽകിയ മറുപടിയാണ് കെഎസ്‌യു ആരോഗ്യ സർവകലാശാലയിൽ നേടിയ വിജയമെന്നും, ഇനിയും ഇത് ആവർത്തിക്കുമെന്നും അലോഷ്യസ് സേവ്യർ കൂട്ടിച്ചേർത്തു.

ചരിത്രം തിരുത്തി കുറിച്ച് 28 വർഷങ്ങൾക്ക് ശേഷം പരിയാരം മെഡിക്കൽ കോളേജ് യൂണിയൻ ഉള്‍പ്പെടെ വിവിധ ആരോഗ്യ സർവകലാശാലകളില്‍ ഉജ്ജ്വല മുന്നേറ്റമാണ് കെഎസ്‌യു നടത്തിയത്. 8 വർഷങ്ങൾക്ക് ശേഷം അങ്കമാലി എസ്എംഇ കോളേജ് യൂണിയനും കെഎസ്‌യു സ്വന്തമാക്കി. തിരുവനന്തപുരം ഗവണ്‍മെന്‍റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ മുഴുവൻ സീറ്റിലും കെഎസ്‌യു വിജയിച്ച് ചരിത്ര മുന്നേറ്റം നടത്തി. അതേസമയം വർഷങ്ങൾക്കു ശേഷം വയനാട് ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജിന്‍റെ കീഴിലുള്ള നഴ്സിംഗ് കോളേജിൽ യുഡിഎസ്എഫ് മുഴുവൻ സീറ്റുകളിലും തിളക്കമാർന്ന വിജയം നേടി. 8 വർഷങ്ങൾക്കുശേഷം തിരഞ്ഞെടുപ്പ് നടന്ന 16 ൽ 14 സീറ്റിലും വിജയിച്ച് അങ്കമാലി എസ്എംഇ കോളേജ്, കോഴിക്കോട് ഗവണ്‍മെന്‍റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, പാലാ എസ്എംഇ, പത്തനംതിട്ട ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലും കെഎസ്‌യുവിന് യൂണിയൻ നേടാനായി.

വർഷങ്ങൾക്കുശേഷം തിരുവനന്തപുരം എസ്ഐഎംഇടി നഴ്സിംഗ് കോളേജിൽ മൂന്നു സീറ്റിലും ഇടുക്കി മെഡിക്കൽ കോളേജിൽ രണ്ട് വൈസ് ചെയർപേഴ്സൺ, ജനറല്‍ സെക്രട്ടറി, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, ആർട്സ് ക്ലബ് സെക്രട്ടറി സീറ്റുകളിലും നഴ്സിംഗ് കോളേജിൽ കൗൺസിലർ സീറ്റിലും കെഎസ്‌യു വിജയിച്ചു. കോട്ടയം മെഡിക്കൽ കോളേജിലെ എസ്എഫ്ഐയുടെ കോട്ട കെഎസ്‌യു തകർത്തു. ജോയിന്‍റ് സെക്രട്ടറി, മാഗസിൻ എഡിറ്റർ, സ്പോർട്സ് സെക്രട്ടറി, ബാച്ച് റെപ്പ് ഉൾപ്പെടെ 7 സീറ്റുകളും കെഎസ്‌യു വിജയിച്ചു.

Comments (0)
Add Comment