ജെഡിഎസ് എന്ന കുമ്പിടിപ്പാര്‍ട്ടി; കേന്ദ്ര – കേരള മന്ത്രിസഭകളില്‍ ജെഡിഎസ് അംഗം; അജിത്കുമാറും ജെ.ഡി.എസും CPM – RSS ബാന്ധവത്തിനുള്ള പാലമോ?

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടുവെന്ന പ്രതിപക്ഷ ആരോപണം ഭരണമുന്നണിയെ പിടിച്ചു കുലുക്കുമ്പോള്‍, മറുപടി പറയാതെ ഒഴിഞ്ഞുമാറുകയാണ് മുഖ്യമന്ത്രി. എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത് മാത്രമല്ല ഇടത് മുന്നണിയുടെ ആര്‍എസ്എസ് ബന്ധത്തെ ബലപ്പെടുത്തുന്നത്.

ഇന്ന് കേന്ദ്രം ഭരിക്കുന്നത് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയാണ്. ആ മുന്നണിയിലെ ഘടകകക്ഷിയാണ് ജനതാദള്‍ എസ്(ജെഡിഎസ്). അതെ ജെഡിഎസില്‍ പെട്ട പ്രതിനിധി ഇപ്പോഴും കേരളത്തിലെ ഇടത് മുന്നണിയില്‍ തുടരുകയാണ്. ബിജെപിക്കൊപ്പം കേന്ദ്രത്തില്‍ ഭരണം നടത്തുന്ന ജെഡിഎസിന്റെ പ്രതിനിധി കേരളത്തിലെ ഇടത് മന്ത്രിസഭയിലും അംഗമായി തുടരുന്നതിന്റെ രാഷ്ട്രീയ ധാര്‍മ്മികത ഇടക്കാലത്ത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ അന്ന് ലൊട്ടുലൊടുക്ക് ന്യായങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് സിപിഎം ചെയ്തത്. കേന്ദ്രത്തെ വിട്ട് കേരളത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കും എന്നു പറഞ്ഞ ജെഡിഎസിന്റെ വാദങ്ങള്‍ കേരളം മറന്നു കാണില്ല. അന്നുമുതല്‍ ഇന്നുവരെയും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു വിശദീകരണം നല്‍കിയിട്ടില്ല. ഇങ്ങനൊരു വിഷയം താന്‍ അറിഞ്ഞിട്ടേയില്ല എന്ന മട്ടിലാണ് പിണറായി വിജയന്‍.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 20നാണ് കര്‍ണാടകയില്‍ തകര്‍ന്നടിഞ്ഞ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ പ്രസിഡന്റായ ജെഡിഎസും ബിജെപിയും തമ്മില്‍ സഖ്യമുണ്ടാക്കിയത്. അധികാരത്തില്‍ എങ്ങനെയും ചേര്‍ന്നുനില്‍ക്കുക എന്നതിനപ്പുറം രാഷ്ട്രീയമായി ധാര്‍മ്മിക സിദ്ധാന്തമൊന്നും ജെഡിഎസിനെ അലട്ടുന്നില്ല. കേരളത്തിലും കേന്ദ്രത്തിലും ഉള്ള ഈ സഖ്യങ്ങള്‍ക്ക് സിപിഎമ്മിനും ബിജെപിക്കും അവരുടേതായ അവസരവാദ ന്യായീകരണങ്ങളുണ്ട്. ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കില്ലെന്നും എല്‍ഡിഎഫില്‍ ഉറച്ചു നില്‍ക്കുമെന്നുമാണ് ജെഡിഎസിന്റെ സംസ്ഥാന നേതാക്കള്‍ തുടക്കം മുതല്‍ പറയുന്നത്. എന്നാല്‍പ്പോലും കേരള ഘടകം ദേവഗൗഡ ദേശീയ പ്രസിഡന്റായ ജെഡിഎസിന്റെ ഭാഗം തന്നെയാണ്. പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് മന്ത്രി കൃഷ്ണന്‍ കുട്ടിയും മാത്യു ടി.തോമസും നിരന്തരം പറയുന്നതല്ലാതെ ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല.

ആര്‍എസ്എസിനെ പേടിച്ചാണ് പിണറായി വിജയന്‍ മന്ത്രി കൃഷ്ണന്‍ കുട്ടിയെ പുറത്താക്കാത്തത് എന്ന പ്രതിപക്ഷ ആക്ഷേപത്തിന് പോലും മുഖ്യമന്ത്രിക്കോ പാര്‍ട്ടിക്കോ മറുപടിയില്ല. 2006ല്‍ ദേവഗൗഡ ബിജെപിക്കൊപ്പം ചേര്‍ന്നപ്പോള്‍ ജെഡിഎസിനെ ഇടത് മുന്നണിയില്‍ നിന്ന് പുറത്താക്കിയിരുന്നു. അന്ന് വിഎസ് അച്യുതാനന്ദനായിരുന്നു പ്രതിപക്ഷ നേതാവ്. പിന്നീട് ദേവഗൗഡ ബിജെപി ബന്ധം ഉപേക്ഷിച്ച ഘട്ടത്തിലാണ് കേരള ഘടകം എല്‍ഡിഎഫില്‍ തിരിച്ചെത്തിയത്. എന്നാല്‍ ബിജെപി ബന്ധത്തിന്റെ പേരില്‍ ജനതാദളിനോട് വിഎസ് സ്വീകരിച്ച നിലപാട് തനിക്കില്ല എന്ന സന്ദേശമാണ് പിണറായി നല്‍കുന്നത്.

പ്രധാനമന്ത്രി മോദിക്ക് അപ്രിയമായതൊന്നും ചെയ്യാന്‍ ഒരുക്കമല്ല എന്ന സന്ദേശമാണിതെന്ന ധാരണ മുന്നണിക്ക് അകത്തും പുറത്തും ഉണ്ടായിട്ടും അതിലൊരു തിരുത്തിനും പാര്‍ട്ടിയോ പിണറായിയോ ഇപ്പോഴും തയ്യാറാകുന്നുമില്ല. പിണറായിയുടെ നിലപാടിനെ ചോദ്യം ചെയ്യാന്‍ ഇടതുമുന്നണിയിലോ പാര്‍ട്ടിയിലോ ആര്‍ക്കും ധൈര്യവുമില്ല.

എന്തായാലും എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത് മാത്രമല്ല സിപിഎം ആര്‍എസ്എസ് ബന്ധം ശക്തിപ്പെടുത്തുന്നത്. ജെഡിഎസിന്റെ ‘കുമ്പിടി’ ഇടപാടും പിണറായി വിജയനെയും സിപിഎമ്മിനെയും വല്ലാതെ വലയ്ക്കുന്നുണ്ട്.

Comments (0)
Add Comment