ചോദ്യംചെയ്യല്‍ പൂർത്തിയായി; സോണിയാ ഗാന്ധി മടങ്ങി

ന്യൂഡല്‍ഹി: ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിന്‍റെ ഭാഗമായി ഉയര്‍ത്തിക്കൊണ്ടുവന്ന നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂർത്തിയാക്കി സോണിയാ ഗാന്ധി മടങ്ങി. പ്രിയങ്കാ ഗാന്ധിക്കൊപ്പമാണ് സോണിയാ ഗാന്ധി മടങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ചോദ്യം ചെയ്യലിനായി സോണിയാ ഗാന്ധി ഡല്‍ഹിയിലെ ഇ.ഡി ഓഫീസില്‍ ഹാജരായത്.

കൊവിഡ് മുക്തയായതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നില്‍ കോണ്‍ഗ്രസ് അധ്യക്ഷ ഹാജരായത്. ഡല്‍ഹി വിദ്യുത് ലേനിലെ ഇഡി ആസ്ഥാനത്ത് 12 മണിയോടെ സോണിയാ ഗാന്ധി എത്തിച്ചേർന്നു. നടപടിക്രമങ്ങള്‍ക്ക് പിന്നാലെ  12.30 ഓടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂറോളം നീണ്ടു. ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ രണ്ട് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം സോണിയാ ഗാന്ധി മടങ്ങുകയായിരുന്നു.

അതേസമയം കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതികാരം തീര്‍ക്കുന്ന ബിജെപി സർക്കാരിനെതിരെ അതിശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് രാജ്യവ്യാപകമായി ഉയർത്തുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ട്രെയിന്‍ തടയുകയും എഐസിസി ആസ്ഥാനത്തിന് മുന്നിലൂടെ കടന്നുപോയ സോണിയാ ഗാന്ധിക്ക് അഭിവാദ്യങ്ങളുമായി നേതാക്കളും പ്രവര്‍ത്തകരും എത്തി. പോലീസും പ്രവര്‍ത്തകരുമായി ഉന്തും തള്ളുമുണ്ടായി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി ഉള്‍പ്പെടെയുള്ള നേതാക്കളേയും പ്രവര്‍ത്തകരേയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Comments (0)
Add Comment