ചികിത്സാ പിഴവില്‍ യുവതി മരിച്ച സംഭവം; ആരോഗ്യവകുപ്പിന് ഗുരുതര വീഴ്ചയെന്ന് വി.ഡി. സതീശന്‍

 

തിരുവനന്തപുരം: നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ
ആരോഗ്യ വകുപ്പിന് ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചികിത്സാ രേഖകൾ വരെ തിരുത്തിയെന്നും
ഇസിജി എടുത്ത സമയത്തിൽ പോലും തിരിമറി നടത്തിയെന്നും കുറ്റകരമായ അനാസ്ഥ ഉണ്ടായിട്ടും ഒരു നടപടിയും കൈക്കൊണ്ടില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച യുവതിയുടെ വീട് സന്ദർശിച്ചതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയർഅഞ്ഞാഴി എന്നാണ് മന്ത്രി എം.ബി. രാജേഷ് പറയുന്നതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച മലയിൻകീഴ് സ്വദേശി കൃഷ്ണാ തങ്കപ്പന്‍റെ വസതി സന്ദർശിച്ച ശേഷമാണ് പ്രതിപക്ഷ നേതാവ് ആരോഗ്യവകുപ്പിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. കൃഷ്ണയുടെ ചികിത്സാ രേഖകൾ വരെ തിരുത്തിയെന്നും ഇസിജി എടുത്ത സമയത്തിൽ പോലും തിരിമറി നടത്തിയെന്നും കുറ്റകരമായ അനാസ്ഥ ഉണ്ടായിട്ടും ഒരു നടപടിയും കൈക്കൊണ്ടില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഏത് മരുന്ന് കുത്തിവെച്ചു എന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചോദിച്ചിട്ട് പോലും മറുപടി ഇല്ലാത്ത അവസ്ഥയാണ്. നീതി കിട്ടും വരെ കുടുംബത്തിന് ഒപ്പം നിൽക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി എന്നാണ് മന്ത്രി എം.ബി. രാജേഷ് മറുപടി പറയുന്നതെന്നു പ്രതിപക്ഷ നേതാവ് പരിഹസിച്ചു. മറുപടി പറയാൻ കാണിക്കുന്ന ബുദ്ധി സ്വന്തം വകുപ്പിനെ നന്നാക്കാൻ മന്ത്രിക്ക് വിനിയോഗിക്കാമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മഴക്കാലപൂർവ ശുചീകരണത്തിൽ വൻ വീഴ്ചയാണ് ഉണ്ടായതെന്നും മാലിന്യ സംസ്കരണത്തിൽ സർക്കാരും വകുപ്പും പൂർണ്ണ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Comments (0)
Add Comment