ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് എട്ടു തവണ വോട്ടു ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. രാജന്‍ സിംഗ് എന്നയാളായിരുന്നു എട്ട് തവണ ബിജെപിക്ക് വോട്ട് ചെയ്തത്. സംഭവത്തില്‍ ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കള്ളവോട്ട് നടന്ന ബൂത്തില്‍ റീപോളിംഗ് നടത്താനും നിര്‍ദ്ദേശമുണ്ട്.
എട്ടു തവണ വോട്ട് ചെയ്ത വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസും സമാജ്‌വാദി പാർട്ടിയും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വോട്ടര്‍ ഫാറൂഖാബാദ് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുത്തിനായി എട്ട് തവണ വോട്ടു ചെയ്യുന്നത് വ്യക്തമാണ്. നാലാം ഘട്ടത്തില്‍ മേയ് 13-ന് ആയിരുന്നു ഇവിടെ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് കമ്മീഷൻ ‘ഉണരൂ’ എന്ന കുറിപ്പോടെ വിവാദ വീഡിയോ കോൺഗ്രസ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഭവത്തില്‍ നടപടി സ്വീകരിച്ചത്.