കൊച്ചി: തൃപ്പൂണിത്തുറയില്‍ കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. മകന്‍ അജിത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി നിര്‍ദ്ദേശിച്ചിരുന്നു.
തൃപ്പൂണിത്തുറ ഏരൂരിലായിരുന്നു സംഭവം. കിടപ്പുരോഗിയായ പിതാവിനെ വാടക വീട്ടിൽ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നുകളയുകയായിരുന്നു. രണ്ട് ദിവസം ഭക്ഷണം പോലും കിട്ടാതെ വയോധികന്‍ വലഞ്ഞു. വീട്ടുടമ വിവരം അറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തി വയോധികനെ സഹോദരന്‍റ വീട്ടിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അജിത്തിനെ അറസ്റ്റ് ചെയ്തത്. നേരത്തെ അച്ഛന്‍ ഷണ്‍മുഖനെ മകന്‍ നോക്കുന്നില്ലെന്ന് പരാതിയുണ്ടായിരുന്നു. മകന്‍ അജിത്തും കുടുംബവും വീട്ട് സാധനങ്ങളെടുത്ത് അച്ഛനെ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. സഹോദരിമാർ ഏറ്റെടുക്കുമെന്ന് പറഞ്ഞാണ് മകൻ അജിത് മുങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ എറണാകുളം ജില്ലാ കളക്ടർ ഫോർട്ട് കൊച്ചി സബ് കളക്ടറോട് റിപ്പോർട്ട് തേടിയിരുന്നു.