ഓന്തിനെ നാണിപ്പിക്കുന്ന നിറം മാറ്റം; നിതീഷ് കുമാറിന്‍റെ ചേരിമാറ്റത്തിന്‍റെ ചരിത്രം ഇങ്ങനെ

 

ന്യൂഡല്‍ഹി: ഇന്ത്യൻ രാഷ്ട്രീയത്തിൽ വിശ്വസിക്കാൻ പറ്റാത്ത നേതാവ് എന്ന വാചകത്തെ ശരിവെക്കുകയാണ് നിതീഷ് കുമാർ. ജനതാദൾ യുണൈറ്റഡ് എന്ന രാഷ്ട്രീയ പാർട്ടിയുടെ വിശ്വാസ്യതയെ പോലും നശിപ്പിച്ചുകൊണ്ടാണ് അധികാര നേട്ടത്തിനായി നിതീഷ് കുമാർ അടിക്കടി മുന്നണി മാറുന്നത്.

അധികാരത്തിനുവേണ്ടി രാഷ്ട്രീയ ധാർമ്മികത അടിയറവ് വെക്കുന്ന ഇന്ത്യയിലെ ഏക രാഷ്ട്രീയക്കാരൻ നിതീഷ് കുമാർ എന്നാണ് ചരിത്രം ഇനി വിലയിരുത്തുന്നത്. നിതീഷ് കുമാറിന്‍റെ രാഷ്ട്രീയ ചുവടുമാറ്റം ആരംഭിക്കുന്നത് 1994-ലാണ്. ലാലു പ്രസാദമായി പിണങ്ങി സമതാ പാർട്ടി രൂപീകരിക്കുന്നു. തുടർന്ന് ജോർജ് ഫെർണാണ്ടസുമായി സോഷ്യലിസ്റ്റുകളുടെ കൂടെ യാത്ര ആരംഭിക്കുന്നു. പിന്നീട് അവിടെ നിന്നും മാറി 1996-ൽ വാജ്പേയി സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയാകുന്നു. തുടർന്ന് രണ്ടായിരത്തിൽ ബിഹാറിന്‍റെ മുഖ്യമന്ത്രി പദത്തിലേക്കുള്ള അരങ്ങേറ്റം. അവിടെയും നില ഉറപ്പിച്ചില്ല. 2003-ൽ ശരത് യാദവിന്‍റെ ജനതാദളുമായി സമതാ പാർട്ടിയെ ലയിപ്പിക്കുന്നു. പിന്നീട് അവിടെനിന്നും എൻഡിഎ യോടൊപ്പം സഹകരിച്ച് 2010-ൽ ബിഹാർ മുഖ്യമന്ത്രി പദത്തിലേക്ക്.

മതേതര ജനാധിപത്യ നിലപാടുകൾക്കെതിരാണ് എൻഡിഎ എന്ന് മനസിലാക്കിയ നിതീഷ് തുടർന്ന് 2013-ൽ എൻഡിഎ സഖ്യം ഉപേക്ഷിച്ച് കോൺഗ്രസിനോടൊപ്പം ചേരുന്നു. അതിന് പ്രധാന കാരണം 2014-ലെ പൊതുതിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനാർത്ഥി ആകുന്നു എന്നുള്ളതായിരുന്നു, നരേന്ദ്ര മോദിയുടെ കടുത്ത വിമർശകനായിരുന്ന നിതീഷിന് കോൺഗ്രസിൽ ഇടം ലഭിക്കുന്നു. തുടർന്ന് 2015 ആർജെഡിയുമായി സഖ്യം ഉണ്ടാക്കുന്നു. ബിജെപി ക്കും നരേന്ദ്ര മോദിക്കും എതിരെ പോരാടാൻ ബിഹാർ രാഷ്ട്രീയത്തിലെ പ്രധാന എതിരാളിയായ ലാലു പ്രസാദ് യാദവിനെ ഒപ്പം ചേർക്കുന്നു. അങ്ങനെയാണ് ബിഹാറിൽ മഹാസഖ്യം രൂപീകൃതമാകുന്നത്. കോൺഗ്രസും ഇടതു പാർട്ടികളും അടക്കം വലിയ മുന്നണിയായി ബിഹാറിൽ നിലകൊണ്ടു. തുടർന്ന് വീണ്ടും മുഖ്യമന്ത്രി പദവിയിലേക്ക് എത്തുന്നു. ഉപമുഖ്യമന്ത്രി ആയതാവട്ടെ തേജസ്വി യാദവും. എന്നാൽ ആ സഖ്യത്തിന് അധികനാള്‍ ആയുസ് ഉണ്ടായിരുന്നില്ല.

2017-ൽ അഴിമതി ആരോപണത്തെ തുടർന്ന് തേജസ്വി യാദവിന്‍റെ രാജി ആവശ്യപ്പെടുകയും ആർജെഡി അതിനു തയാറാവാതെ വരികയും ചെയ്തോടു കൂടി മഹാസഖ്യം പതനത്തിലേക്ക്. 2020-ൽ വീണ്ടും എൻഡിഎയിലേക്ക് എത്തുന്ന നിതീഷ് എൻഡിഎയുടെ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നു. ഭരണത്തിനു ചുക്കാൻ പിടിച്ചതാകട്ടെ ബിജെപിയും. അതുൾക്കൊള്ളാൻ നിതീഷ് എന്ന അധികാരമോഹിയായ രാഷ്ട്രീയക്കാരനായില്ല. തുടർന്ന് 2022-ൽ എൻഡിഎ വിട്ട് ആർജെഡിക്കൊപ്പം സഖ്യം രൂപീകരിച്ച് മുഖ്യമന്ത്രിയാകുന്നു.

തുടർന്നാണ് 2023-ല്‍ ഇന്ത്യ സഖ്യ രൂപീകരണത്തിന് ഉള്ള ചർച്ചകളിൽ നിതീഷ് സജീവമാകുന്നത്. അവിടെയും നിതീഷിന് ലക്ഷ്യം മുന്നണിയുടെ ചെയർമാൻ സ്ഥാനമായിരുന്നു. എന്നാൽ അത് അംഗീകരിക്കാൻ ഇന്ത്യ മുന്നണിയിലെ മമതാ ബാനർജിയും അരവിന്ദ് കെജ്‌രിവാളും തയാറായില്ല. ഒടുവിൽ 45 എംഎൽഎമാർ മാത്രമുള്ള ജെഡിയു വീണ്ടും എൻഡിഎയോടൊപ്പം ചേരുന്നു. പ്രധാനമന്ത്രി ആകണമെന്ന മോഹവുമായി പ്രതിപക്ഷ ഐക്യത്തിന് മുൻനിരയിൽ ഉണ്ടായിരുന്ന നിതീഷ് കുമാർ തന്‍റെ പദ്ധതി നടപ്പാകില്ല എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് വർഗീയ കക്ഷികൾ എന്ന് മുദ്രകുത്തിയ ബിജെപിക്ക് ഒപ്പം ചേർന്ന് അധികാരം നിലനിർത്താൻ ശ്രമിക്കുന്നത്.

Comments (0)
Add Comment