ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; 64 വിഭവങ്ങളുമായി ഇനി രുചിയുടെ മേളം

 

പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി. വഞ്ചിപ്പാട്ടിന്‍റെ അകമ്പടിയോടെ ആനക്കൊട്ടിലിൽ ദേവസ്വം ബോർഡ്‌ പ്രസിഡന്‍റ് കെ അനന്തഗോപൻ ഭദ്രദീപം തെളിയിച്ച് സദ്യ സമർപ്പിച്ചതോടെയാണ് ഈ വർഷത്തെ വള്ളസദ്യയ്ക്ക് തുടക്കമായത്. ആചാരങ്ങളിൽ അണുവിട വ്യത്യാസമില്ലാതെ നടത്തുന്ന വള്ളസദ്യയിൽ പങ്കെടുക്കാൻ എല്ലാ ദിവസവും ഇനി വിവിധ കരപ്രതിനിധികൾ എത്തും.

കരകൾക്ക് ഇനി ഉത്സവകാലം. എഴുപത്തിരണ്ടു നാളുകളില്‍ ആറന്മുളയും ക്ഷേത്ര പരിസരവും ഭക്തിയുടേയും വിശ്വാസത്തിന്‍റേയും വഞ്ചിപ്പാട്ടിന്‍റേയും നിറസാന്നിധ്യം കൊണ്ട് മുഖരിതമാകും. 52 കരകളുടെ നാഥനായ ആറന്മുള പാർത്ഥസാരഥിക്ക് മുന്നിൽ ഇനിയുള്ള 72 ദിവസം നിലയ്ക്കാതെ വഞ്ചിപ്പാട്ട് മുഴങ്ങും.

രുചിയുടെ പെരുമ പേറുന്ന ആറന്മുളയിലെ 64 വിഭവങ്ങൾ പാട്ടിനൊപ്പം ഇലയിലെത്തും, ഉപ്പിലിട്ടത് മുതൽ അഞ്ച് തരം പായസം വരെ നീളുന്ന സദ്യ. ഇലയിൽ വിളമ്പുന്ന 44 വിഭവങ്ങൾക്ക് പുറമെ തുഴച്ചിലുകാർ പാടി ചോദിക്കുന്ന 20 വിഭവങ്ങളും രുചിയുടെ താളപ്പെരുമ തീർക്കുന്നവയാണ്. ആറന്മുളയിൽ വള്ളസദ്യ നേർന്നാൽ നടക്കാത്ത കാര്യമില്ല എന്നാണ് വിശ്വാസം.
തിരുവോണം കഴിഞ്ഞ് ഉതൃട്ടാതി നാളിലാണ് വള്ളംകളി നടക്കുന്നത്. തിരുവോണത്തോണിയും അഷ്ടമിരോഹിണി വള്ളസദ്യയും ഉതൃട്ടാതി വള്ളംകളിയും വ‍ഞ്ചിപ്പാട്ടും ഏറെ പ്രസിദ്ധമാണ്.

Comments (0)
Add Comment