ഗവർണർക്ക് തിരിച്ചടി; കേരള സർവകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി

 

കൊച്ചി: കേരള സർവകലാശാല സെനറ്റിലേക്ക് സ്വന്തം നിലയിൽ ഗവർണർ അംഗങ്ങളെ നാമനിർദ്ദേശം ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. ഹർജിക്കാരുടെ ഭാഗം കൂടി കേട്ട് പുതിയ നോമിനേഷൻസ് വഴി അപ്പോയിന്‍റ്മെന്‍റ് നടത്താൻ കോടതി നിർദ്ദേശം നല്‍കി. 6 ആഴ്ചക്കുള്ളിൽ നാമനിര്‍ദ്ദേശം നടത്താനും ചാൻസലർ കൂടിയായ ഗവര്‍ണറോട് കോടതി നിർദേശിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റേതാണ് നടപടി. സ്വന്തം നിലയിൽ നോമിനേറ്റ് ചെയ്യാൻ അവകാശം ഉണ്ടെന്നായിരുന്നു ഗവർണറുടെ വാദം. സർക്കാർ നോമിനേറ്റ് ചെയ്ത രണ്ട് പേരുടെ നിയമനം ഹൈക്കോടതി ശരിവെച്ചു.

വിദ്യാ‍ർത്ഥി പ്രതിനിധികളായി നാല് എബിവിപി പ്രവർത്തകരെ ശുപാർശ ചെയ്ത ഗവർണറുടെ നടപടിയാണ് റദ്ദാക്കിയത്. സർവകലാശാല നൽകിയ എട്ടു വിദ്യാർത്ഥികളുടെ പട്ടിക പൂർണമായി തളളിയാണ് ബിജെപിയുടെ വിദ്യാ‍ർത്ഥി സംഘടനയായ എബിവിപി പശ്ചാത്തലമുളള നാലു പേരെ ഗവർണർ ശുപാർശ ചെയ്തത്. ഇത് ചോദ്യം ചെയ്താണ് ഏതാനും വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചത്. ഗവർണറുടെ നിയമനം രാഷ്ടീയ ലക്ഷ്യങ്ങളോടെയാണെന്നായിരുന്നു ആക്ഷേപം. ഈ വാദം അംഗീകരിച്ചാണ് ഗവർണറുടെ ശുപാർശകൾ ഹൈക്കോടതി റദ്ദാക്കിയത്.

Comments (0)
Add Comment