തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ ഒരോ വിഷയങ്ങളിലും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുള്ള മന്ത്രിയുടെ ഉത്തരവുകളെല്ലാം ചേര്‍ത്താല്‍ ഒരു പുസ്തകം ഇറക്കാമെന്ന പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ആരോഗ്യ വകുപ്പ് നിസ്സംഗരായി നില്‍ക്കുന്നു. ഗൗരവതരമായ വിഷയങ്ങളാണ് ആരോഗ്യ രംഗത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം കൂടിയിട്ടും ആരോഗ്യവകുപ്പ് അധികൃതര്‍ ശ്രദ്ധിക്കുന്നില്ല. മഞ്ഞപ്പിത്തം ബാധിച്ച് പാവങ്ങളാണ് ആശുപത്രികളില്‍ കിടക്കുന്നതെന്നും അവര്‍ക്ക് സര്‍ക്കാര്‍ ഒരു സഹായവും നല്‍കുന്നില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.
കൊടും ചൂടുളളപ്പോള്‍ നിരവധി പേരാണ് കുഴഞ്ഞു വീണ് മരിച്ചത്. നിരവധി പേര്‍ക്ക് ഹൃദയാഘാതവും പക്ഷാഘാതവും പിടിപെട്ടു. ഇതൊക്കെ കോവിഡിന് ശേഷമുള്ള പ്രശ്‌നങ്ങളാണോ, അതോ വാക്‌സിനുമായി ബന്ധപ്പെട്ട വിഷയമാണോ എന്നൊക്കെയുള്ള ആശങ്ക ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുമ്പോഴും ആരോഗ്യ വകുപ്പ് നിസംഗരായി നില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു പണിയും ചെയ്യാതിരിക്കുക എന്നതാണ് എല്ലാ വകുപ്പിലും നടക്കുന്നത്. ആരോഗ്യവകുപ്പിലെ ഒരോ വിഷയങ്ങളിലും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുള്ള മന്ത്രിയുടെ ഉത്തരവുകളെല്ലാം ചേര്‍ത്താല്‍ ഒരു പുസ്തകം ഇറക്കാം. ഒരു റിപ്പോര്‍ട്ടിലും നടപടിയില്ല. എന്തു നടന്നാലും അപ്പോള്‍ റിപ്പോര്‍ട്ട് ചോദിക്കുമെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ പിഴവിലും അദ്ദേഹം പ്രതികരിച്ചു. ആറാം വിരല്‍ മുറിക്കാന്‍ പോയ കുട്ടിയുടെ നാവ് അറുത്തുമാറ്റിയ ഓപ്പറേഷന്‍ തിയേറ്ററാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേത്. ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ ഹര്‍ഷിനയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പോലും സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. സര്‍ക്കാരിനെതിരെ സമരം ചെയ്തതിനാല്‍ നഷ്ടപരിഹാരം നല്‍കില്ലെന്നത് ആരോഗ്യമന്ത്രിയുടെ വാശിയാണ്. അഞ്ച് വര്‍ഷം കത്രികയും വയറ്റിലിട്ട് നടന്ന് ആറാമത്തെ ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന സ്ത്രീയോട് എത്ര ക്രൂരമായാണ് പെരുമാറുന്നതെന്നും ഇത്രയും അനാഥത്വമാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.