അന്വേഷണ സംഘത്തിന്‍റെ തലവന്‍ സിപിഎമ്മിന്‍റെ സന്തത സഹചാരി ; മന്‍സൂർ വധത്തില്‍ ഗൂഢാലോചന വ്യക്തമെന്ന് കെ സുധാകരന്‍

Jaihind Webdesk
Friday, April 9, 2021

കണ്ണൂര്‍ : മന്‍സൂർ വധത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തെ വിശ്വാസമില്ലെന്ന് കെ സുധാകനര്‍ എം.പി. പൊലീസിലെ ക്രിമിനല്‍ സംഘങ്ങളെയാണ് അന്വേഷണത്തിന് നിയോഗിച്ചതെന്നും  ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും സുധാകരന്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന വ്യക്തമാണെന്നും ഷുഹൈബ് വധത്തില്‍ പങ്കുള്ള ആകാശ് തില്ലങ്കേരിക്ക് മന്‍സൂര്‍ കൊലപാതകത്തിലും പങ്കുണ്ടെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അന്വേഷണ സംഘത്തിലെ അംഗങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ  നീതി ലഭിക്കില്ലെന്ന് മനസിലായെന്ന് സുധാകരന്‍ പറഞ്ഞു. അന്വേഷണ സംഘത്തിലെ തലവനായ ഇസ്മയില്‍ സിപിഎം നേതാക്കന്‍മാരുടെ സന്തത സഹചാരിയാണ്. ഇദ്ദേഹത്തിന്‍റെ വകുപ്പ് തല പ്രൊമോഷന്‍ പോലും സിപിഎമ്മിനെ ആശ്രയിച്ച് സംഘടിപ്പിച്ച പ്രമോഷന്‍ ആണ്. ഈ ഉദ്യോഗസ്ഥന്‍റെ കീഴില്‍ നടക്കുന്ന അന്വേഷണം എങ്ങനെയാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഷുക്കൂർ, ഷുഹൈബ്, കൃപേഷ് ശരത് ലാല്‍ കേസുകളെല്ലാം ഇതുപോലെയായിരുന്നു. ഇവിടെയൊക്കെ നീതി വാങ്ങിയത് സുപ്രീം കോടതിയില്‍ വരെ നിയമയുദ്ധം നടത്തിയാണെന്നും ഇക്കാര്യത്തിലും നീതി ലഭിക്കണമെങ്കില്‍ നീതി പീഠത്തെ സമീപിക്കേണ്ടി വരും എന്ന കാര്യത്തില്‍ സംശയം ഇല്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

മറ്റ് പ്രതികളെ ആരെയെങ്കിലും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞില്ല. സംഭവത്തിന് ഒരു മണിക്കൂര്‍ മുമ്പ് ഡിജിറ്റല്‍ ഭീഷണി സന്ദേശം പ്രചരിച്ചിരുന്നു എന്നതു മാത്രം മതി സംഭവത്തിലെ ഗൂഢാലോചനയ്ക്ക് തെളിവ്. പനോളി വത്സനും ഷുഹൈബ് വധത്തില്‍ പങ്കുള്ള ആകാശ് തില്ലങ്കേരിക്കും മന്‍സൂര്‍ കൊലപാതകത്തില്‍ പങ്കുണ്ട്. ആകാശിന്‍റെ സാന്നിധ്യത്തില്‍ തെളിവായി സാക്ഷിയെ ഹാജരാക്കാമെന്നും കെ സുധാകരന്‍ പറഞ്ഞു. സംഭവത്തില്‍ യു.എ.പി.എ ചുമത്തിയില്ലെങ്കില്‍ കോടതിയില്‍ പോകുമെന്നും വേണ്ടിവന്നാല്‍ പ്രതികരിക്കാന്‍ മടിക്കില്ലെന്ന് സിപിഎമ്മും പോലീസും ഓര്‍ക്കണമെന്നും ആദ്ദേഹം വ്യക്തമാക്കി.