കേരള ഹൗസില്‍ ഡിവൈഎഫ്‌ഐ യോഗം; യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍

Jaihind Webdesk
Thursday, December 30, 2021

ന്യൂഡല്‍ഹി: കേരള ഹൗസിലെ കോണ്‍ഫറന്‍സ് ഹാള്‍, ചട്ടങ്ങള്‍ ലംഘിച്ച് ഡിവൈഎഫ്‌ഐക്ക് യോഗം ചേരാന്‍ വിട്ടുനല്‍കിയ വിഷയത്തില്‍ ഗവര്‍ണറുടെ ഓഫീസ് സര്‍ക്കാരിനോട് വിശദീകരണം തേടി. ഡൽഹി പ്രദേശ് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വക്താവ് വിനീത് തോമസ് നല്‍കിയ പരാതി പരിഗണിച്ചാണ് സംസ്ഥാന സര്‍ക്കാരിന്‍റെ പൊതു ഭരണ ഉപ സെക്രട്ടറിയോട് ഗവര്‍ണറുടെ ഓഫീസ് വിശദീകരണം തേടിയത്. പരാതി ഉചിതമായി രീതിയില്‍ പരിഗണിച്ച് പരാതിക്കാര്‍ക്ക് മറുപടി നല്‍കണമെന്ന് ഗവര്‍ണറുടെ ഓഫീസ് നിര്‍ദേശിച്ചു.

ചട്ടലംഘനം നടത്തിയാണ് കേരള ഹൗസില്‍ യോഗം നടത്താന്‍ ഡിവൈഎഫ്‌ഐക്ക് അനുമതി നല്‍കിയതെന്നു ചൂണ്ടിക്കാട്ടി നേരത്തെ ഗവര്‍ണര്‍ക്ക് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. ഡല്‍ഹി സന്ദര്‍ശനത്തിനെത്തിയ മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ മാസം 28 ന് കേരള ഹൗസിന്റെ പ്രധാന കോണ്‍ഫറന്‍സ് ഹാളില്‍ ഡിവൈഎഫ്‌ഐ യോഗം ചേര്‍ന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അനുബന്ധ സംഘടനകള്‍ക്കും യോഗം ചേരാന്‍ കേരള ഹൗസിലെ ഹാള്‍ അനുവദിക്കരുതെന്നാണ് ചട്ടം. ഇതിന്റെ നഗ്നമായ ലംഘനമാണ് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്നിരിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് പറയുന്നു. സ്വാധീനമുപയോഗിച്ച് നിയമങ്ങള്‍ സ്വന്തം ഇഷ്ടത്തിനനുസരിച്ച് ലംഘിക്കുകയും അധികാര ദുര്‍വിനിയോഗം നടത്തുകയുമാണ് മന്ത്രി ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മന്ത്രി അധികാരത്തില്‍ തുടരുന്നത് അനുചിതമാണ്.

വിഷയത്തില്‍ പരാതിയുമായി റെസിഡന്‍റ് കമ്മീഷണറെ യൂത്ത് കോണ്‍ഗ്രസ് സമീപിച്ചിരുന്നെങ്കിലും മറുപടി തൃപ്തികരമായിരുന്നില്ല. ഡല്‍ഹി പ്രദേശ് യൂത്ത് കോണ്‍ഗ്രസ് വക്താവ് വിനീത് തോമസ്, ഡെല്‍ഹി പ്രദേശ് യൂത്ത് കോണ്‍ഗ്രസ് ഗവേഷണ വിഭാഗം കോര്‍ഡിനേറ്റര്‍ അരുണ്‍ കൃഷ്ണന്‍, കേരള പ്രദേശ് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വൈശാഖ് എസ് ദര്‍ശന്‍ എന്നിവരാണ് പരാതി നല്‍കിയിരുന്നത്. കേരള ഹൗസ് ഡിവൈഎഫ്‌ഐക്ക് യോഗം ചേരാന്‍ നല്‍കിയില്ലെന്നും മന്ത്രി മുഹമ്മദ് റിയാസിന് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായാണ് ഹാള്‍ അനുവദിച്ചതെന്നുമായിരുന്നു വിനീത് തോമസിന് വിവരാവകാശ പ്രകാരം റെസിഡന്റ് കമ്മീഷണറുടെ ഓഫീസ് നല്‍കിയ മറുപടി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ അനുബന്ധ സംഘടനകള്‍ക്കോ കേരള ഹൗസിന്‍റെ പ്രധാന ഹാളില്‍ പരിപാടികള്‍ നടത്താന്‍ അനുവദിക്കുമോയെന്ന ചോദ്യത്തിന് ഇല്ല എന്ന് റെസിഡന്‍റ് കമ്മീഷണറുടെ ഓഫീസ് മറുപടി നല്‍കി. എന്നാല്‍ ഡിവൈഎഫ്‌ഐയുടെ യോഗം ഒക്‌ടോബര്‍ 28ന് കേരള ഹൗസില്‍ ചേര്‍ന്നിരുന്നോ എന്നും ചട്ടലംഘനം സംബന്ധിച്ച് മന്ത്രി മുഹമ്മദ് റിയാസിനെ അറിയിച്ചിരുന്നോ എന്ന ചോദ്യത്തിനും റെസിഡന്‍റ് കമ്മീഷണര്‍ക്ക് മറുപടിയില്ല. 28 ആം തീയതി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രിക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി അനുവദിച്ചിരുന്നു എന്നുപറഞ്ഞ് ഒഴിയുകയാണ് കേരള ഹൗസ്.