സർക്കാർ മുദ്രയുടെ ദുരുപയോഗം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണം : വി.എസ് മനോജ് കുമാർ

 

സർക്കാർ മുദ്രയോട് കൂടിയ വിസിറ്റിംഗ് കാർഡുകളുടെ ദുരുപയോഗം തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് (ജേക്കബ്) സംസ്ഥാന ജനറൽ സെക്രട്ടറി വി.എസ് മനോജ് കുമാർ. സ്വർണ്ണക്കടത്ത് കേസിലെ പ്രതികള്‍ പോലും സർക്കാർ മുദ്ര ദുരുപയോഗം ചെയ്യുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജോയിന്‍റ് സെക്രട്ടറി റാങ്കിന് മുകളിലുള്ളവർക്കോ, വകുപ്പ് മേധാവികൾക്കോ മാത്രം ഉപയോഗിക്കാവുന്ന സർക്കാർ മുദ്ര അർഹരും അനർഹരും ഉപയോഗിക്കുന്നുണ്ട്. സ്വർണ്ണക്കള്ളക്കടത്ത് കേസിലെ സ്വപ്നാ സുരേഷും ആരോപണവിധേയനായ അരുണ്‍ ബാലചന്ദ്രനും സർക്കാർ മുദ്രയുള്ള വിസിറ്റിംഗ് കാർഡുകള്‍ ഉപയോഗിച്ചിരുന്നു. ഇതിന് അനുമതി നല്‍കിയവർക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും മനോജ് കുമാർ ആവശ്യപ്പെട്ടു.

വിസിറ്റിംഗ് കാർഡുകളുടേയും, ലെറ്റർ പാഡുകളുടേയും ദുരുപയോഗം തടയാൻ എല്ലാ വകുപ്പ് മേധാവികൾക്കും സർക്കാർ അടിയന്തര മാർഗനിർദ്ദേശങ്ങൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Comments (0)
Add Comment