തിരുവനന്തപുരം : നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമർശം ഉൾപ്പെടുത്തിയതിൽ ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കിയേക്കും. ചീഫ് സെക്രട്ടറിയാണ് വിശദീകരണം നൽകുക. ബുധനാഴ്ച അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയ പൗരത്വ നിയമ വിഷയത്തിലെ പരാമര്‍ശങ്ങള്‍ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസിനെ സംബന്ധിച്ച പരാമര്‍ശം നയപ്രഖ്യാനത്തില്‍ ഉള്‍പ്പെടുത്തുന്നത് കോടതിലക്ഷ്യമാണെന്നും സര്‍ക്കാരിന്‍റെ അധികാര പരിധിയില്‍ ഉള്‍പ്പെടാത്ത വിഷയം സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തേണ്ട കാര്യമില്ലെന്നുമാണ് ഗവര്‍ണറുടെ നിലപാട്. ഇക്കാര്യത്തിലെ വിശദീകരണമാണ് സർക്കാര്‍ അറിയിക്കുന്നത്.
സർക്കാര്‍ വിശദീകരണം ഗവർണര്‍ക്ക് തൃപ്തികരമല്ലെങ്കില്‍ പ്രസ്തുത ഭാഗം ഒഴിവാക്കുകയോ വായിച്ചതിന് ശേഷം വിയോജിപ്പ് രേഖപ്പെടുത്തുകയോ ചെയ്യും. ഗവര്‍ണര്‍ വായിക്കാതെ ഒഴിവാക്കിയാലും മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനമായിരിക്കും സഭാ രേഖകളില്‍ ഉണ്ടാവുക.