തിരുവനന്തപുരം : നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണത്തിന് ഉത്തരവാദി സര്‍ക്കാരെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ദമ്പതികളുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റേ കിട്ടുമെന്നറിഞ്ഞിട്ടും കുടുംബത്തെ പൊലീസ് ഇറക്കിവിടാന്‍ ശ്രമിച്ചു. ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ ഇതുവരെയും നടപടി എടുത്തിട്ടില്ല.
ദമ്പതികള്‍ മരിച്ചതിനു ശേഷമാണ് മന്ത്രി പോലും സ്ഥലം സന്ദർശിക്കാന്‍ തയ്യാറായത്. ഗൃഹനാഥന്‍ മരണപ്പെട്ടപ്പോഴും സർക്കാരിന്‍റെ കണ്ണുതുറന്നില്ല. സംഭവത്തില്‍ കുറ്റക്കാർക്കെതിരെ സർക്കാർ കർശന നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാവപ്പെട്ട കുടുംബത്തെ വഴിയിലിറക്കാന്‍ ആർക്കായിരുന്നു അമിത താല്‍പര്യമെന്നും അദ്ദേഹം ചോദിച്ചു. കോടതി ഉത്തരവിന് കാത്തു നില്‍ക്കാതെ നടപടിയുമായി മുന്നോട്ടുനീങ്ങിയ ഉദ്യോഗസ്ഥർക്കെതിരെ എന്തുകൊണ്ട് കേസെടുത്ത് നിയമനടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.