പ്രളയഫണ്ട് തട്ടിപ്പ് കേസ് സർക്കാർ അട്ടിമറിക്കുന്നു; കുറ്റപത്രം സമര്‍പ്പിച്ചില്ല, അന്വേഷണം മന്ദഗതിയില്‍

Jaihind News Bureau
Friday, August 21, 2020

 

കൊച്ചി: സിപിഎം നേതാക്കള്‍ പ്രതികളായ പ്രളയഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചില്ല. കുറ്റകപത്രം സമര്‍പ്പിക്കാത്തതിനാല്‍ പ്രതികള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. സര്‍ക്കാര്‍ സഹായത്തോടെ കേസ് അന്വേഷണം അട്ടിമറിച്ച് പ്രതികളെ സംരക്ഷിക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കമാണ് കുറ്റപത്രം സമര്‍പ്പിക്കാത്തതിന് പിന്നിലെന്നാണ് ആരോപണം.

എറണാകുളം കളക്ടറേറ്റ് കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പില്‍ ക്രൈബ്രാഞ്ച് അന്വേഷണവും വകുപ്പ് തല അന്വേഷണവും മന്ദഗതിയിലാണ്. സിപിഎം തൃക്കാക്കകര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എം.എം അന്‍വര്‍, എന്‍.എന്‍ നിഥിന്‍, കളക്ടറേറ്റിലെ ഉദ്യോഗസ്ഥന്‍ വിഷ്ണുപ്രസാദ് എന്നീ പ്രതികളാണ് പിടിയിലായത്. ഇവരില്‍ അന്‍വറും ഭാര്യ കൗലത്ത് അന്‍വറും കീഴടങ്ങുകയായിരുന്നു.

സി.പി.എം നിയന്ത്രണത്തിലുള്ള അയ്യനാട് സർവീസ് സഹകരണ ബാങ്കിന്‍റെ  അക്കൗണ്ട് വഴിയാണ് പ്രതികൾ പണം തട്ടിയെടുത്തത്. കളക്ടറേറ്റിലെ എൻ.ജി.ഒ യൂണിയൻ നേതാക്കളുടെ സഹായത്തോടെ വ്യാജ രസീതുകൾ നിർമ്മിച്ചാണ് തട്ടിപ്പിന് കളമൊരുക്കിയത്. കേസ് മുന്നോട്ട് നീങ്ങുന്നത് സി.പി.എം എറണാകുളം ജില്ലാ  കമ്മിറ്റിയുടെ തിരക്കഥ അനുസരിച്ചാണെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പോലും പ്രോസിക്യൂഷൻ കോടതിയിൽ എതിർത്തിരുന്നില്ല.

തട്ടിപ്പുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ കളക്ടറേറ്റില്‍ നിന്നും നഷ്ടമായതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. ഇതെല്ലാം ഭരണ സ്വാധീനം ഉപയോഗപ്പെടുത്തിയാണെന്നാണ് യാഥാർത്ഥ്യം. തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഉന്നത നേതാക്കളുടെ പേര് പുറത്ത് വരാതിരിക്കാനാണ് നിലവിൽ പിടിയിലായ പ്രദേശിക നേതാക്കൾക്കെതിരെയുള്ള കുറ്റംപത്രം പോലും സമർപ്പിക്കാതെ സഹായം ഒരുക്കുന്നതെന്നാണ് ആക്ഷേപം.