പൂരം അട്ടിമറിയില്‍ റിപ്പോര്‍ട്ട് നല്‍കാത്തത് സര്‍ക്കാരിന് പ്രശ്‌നമല്ല; വിവരം പുറത്തറിയിച്ച ഡിവൈഎസ്പിക്ക് തിടുക്കത്തില്‍ സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിന് എന്താണ് സംഭവിക്കുന്നത് എന്ന ചോദ്യം പൊതുസമൂഹം ചോദിച്ചു തുടങ്ങിയിരിക്കുന്നു. തൃശ്ശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള കാര്യം തന്നെയാണ് ഇതില്‍ പ്രധാനം. പൂരം അലങ്കോലമാകാന്‍ ഇടയാക്കിയത് പോലീസ് ഇടപെടലാണ് എന്ന ആക്ഷേപം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. ആര്‍ക്കുവേണ്ടിയാണ് പൂരം കലക്കിയത് എന്ന ചോദ്യമാണ് പ്രതിപക്ഷം ചോദിക്കുന്നതും.

പൂരം കലക്കിയത് തന്നെ എന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. ഡിജിപിയെ ഏല്‍പിച്ച അന്വേഷണത്തിനായി അദ്ദേഹം എഡിജിപി എംആര്‍ അജിത് കുമാറിനെ നിയോഗിച്ചുവെന്ന വാര്‍ത്തകള്‍ അന്ന് തന്നെ പുറത്തുവന്നിരുന്നു.ഇക്കാര്യം പരിഗണിക്കാതെ വേണ്ടത്ര ജാഗ്രതയില്ലാതെ വിവരാവകാശ അപേക്ഷക്ക് മറുപടി നല്‍കി എന്നതിന്റെ പേരിലാണ് പോലീസ് ആസ്ഥാനത്തെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായ ഡിവൈഎസ്പി എംഎസ് സന്തോഷിനെതിരെ നടപടി ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് വൈകിട്ടോടെ ഉത്തരവിറങ്ങിയത്.

ഡിജിപിയെ അന്വേഷണത്തിന് നിയോഗിച്ച് കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നു. അതിന്മേല്‍ പ്രത്യേക ഫയല്‍ തന്നെ പോലീസ് ആസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടിരുന്നു. ഇത് പരിഗണിക്കാതെ അത്തരമൊരു അന്വേഷണവും നടക്കുന്നില്ല എന്ന മറുപടിയാണ് വിവരാവകാശ അപേക്ഷക്ക് നല്‍കിയത്. ഈ അന്വേഷണത്തിനായി ക്രമസമാധാന ചുമതലയുള്ള എഡിജിപിയെ ഡിജിപി നിയോഗിച്ചതായുള്ള വിവരവും ഇതേ ഫയലില്‍ ഉണ്ടായിരുന്നു. ഇതും വേണ്ടവിധം പരിശോധിക്കാതെ അപേക്ഷ തൃശൂര്‍ കമ്മിഷണറുടെ ഓഫീസിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. അവിടെ അതിന്മേല്‍ അന്വേഷണം നടക്കുന്നില്ല എന്ന വസ്തുത അവിടെ നിന്ന് മറുപടിയായി നല്‍കി.

കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ ഈ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നതോടെ സര്‍ക്കാരും മുഖ്യമന്ത്രിയും കടുത്ത പ്രതിരോധത്തിലായി. അതിരൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷവും രംഗത്തുവന്നു. എല്‍ഡിഎഫിന്റെ ഘടകകക്ഷിയായ സിപിഐ നേരത്തെ തന്നെ വിഷയത്തില്‍ കടുത്ത അതൃപ്തിയിലാണ്. ഇതിന് പിന്നാലെയാണ് ഒറ്റ ദിവസം കൊണ്ട് അന്വേഷണം നടത്തി ഡിവൈഎസ്പി വീഴ്ച വരുത്തിയതായി സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഷന്‍ ലഭിക്കുകയും ചെയ്തു.
എന്നാല്‍ അഞ്ചുമാസം ആയിട്ടും തൃശൂര്‍ പൂരം അലങ്കോലമാക്കിയതില്‍ അന്വേഷണം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് നല്‍കാത്തതില്‍ സര്‍ക്കാരിന് പരാതിയില്ല. അക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് ആശങ്കയും, ആകുലതയും ഇല്ല. മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തെച്ചൊല്ലി ഇത്രയധികം സംശയങ്ങളും ചോദ്യങ്ങളും ഉയര്‍ന്ന ഇന്നുപോലും ഈ റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് എത്തിയിട്ടില്ല. എന്തായാലും ആഭ്യന്തരവകുപ്പിന് കീഴില്‍ നടക്കുന്ന കാര്യങ്ങള്‍ ആഭ്യന്തരമന്ത്രി അറിയുന്നില്ലേ എന്ന ചോദ്യവും പ്രധാനമായും ഉയരുന്നുണ്ട്.

Comments (0)
Add Comment