സബ്സിഡി നല്‍കാന്‍ പണമില്ലെന്ന് സർക്കാർ; ജനകീയ ഹോട്ടല്‍ നടത്തി കടക്കെണിയിലായി കുടുംബശ്രീ പ്രവർത്തകർ: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം

Jaihind Webdesk
Wednesday, November 8, 2023

 

തിരുവനന്തപുരം: കോടികൾ ധൂർത്തടിക്കുന്ന സർക്കാരിന്‍റെ വാഗ്ദാന ലംഘനങ്ങളുടെ നേർക്കാഴ്ച തുടരുന്നു. സർക്കാരിന്‍റെ വിശപ്പ് രഹിത പദ്ധതിയുടെ ഭാഗമായി ജനകീയ ഹോട്ടൽ നടത്തി സബ്സിഡി ലഭിക്കാതെ കടക്കണിയിൽ ആയ കുടുംബശ്രീ പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സർക്കാർ നിർദേശപ്രകാരം ജനകീയ ഹോട്ടൽ വഴി 20 രൂപയ്ക്ക് ഊണു നല്‍കിയ കുടുംബശ്രീ പ്രവർത്തകരെ യാണ് സർക്കാർ സബ്സിഡി നൽകാതെ വഞ്ചിച്ചത്.

ഊണിന് 10 രൂപ വച്ച് സബ്സിഡി നല്‍കുമെന്ന് വാഗ്ദാനം നൽകിയാണ് സർക്കാർ വിശപ്പ് രഹിത കേരളം പദ്ധതിയിലൂടെ കുടുംബശ്രീ പ്രവർത്തകരെ കൊണ്ട് ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ സബ്സിഡി നൽകിയ സർക്കാർ പിന്നീട് സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് സബ്സിഡി നൽകാതെ ഒളിച്ചുകളി തുടങ്ങി. ഇതോടെ വായ്പയെടുത്തും പണയം വെച്ചും ഹോട്ടലുകൾ തുടങ്ങിയ കുടുംബശ്രീ പ്രവർത്തകർ വഴിയാധാരമായി.

കോടിക്കണക്കിന് രൂപയാണ് ഈ ഇനത്തിൽ കുടുംബശ്രീ പ്രവർത്തകർക്ക് സർക്കാർ നൽകുവാൻ ഉള്ളത്. സർക്കാർ വാഗ്ദാനം കേട്ട് മലപ്പുറം ജില്ലയിലാണ് കുടുംബശ്രീ പ്രവർത്തകർ ജനകീയ ഹോട്ടലുകൾ കൂടുതൽ ആരംഭിച്ചത്. 146 ജനകീയ ഹോട്ടലുകളാണ് മലപ്പുറം ജില്ലയിൽ ആരംഭിച്ചത്. കടക്കണിയിലായ മലപ്പുറം ജില്ലയിൽ നിന്നുള്ള കുടുംബശ്രീ പ്രവർത്തകരാണ്
ഭരണസിരാകേന്ദ്രത്തിനു മുന്നിൽ പ്രതിഷേധമുയർത്തിയത്. കേരളീയത്തിന്‍റെ പേരിലും കോടികൾ ധൂർത്ത് നടത്തിയ സർക്കാർ നടത്തിയ മറ്റൊരു വാഗ്ദാന ലംഘനത്തിലൂടെ കടക്കെണിയിലാക്കിയ ഒരു കൂട്ടം കുടുംബശ്രീ പ്രവർത്തകരാണ് സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധവുമായി എത്തിയത്.