കണക്കില്ലാത്ത കേരളീയം ധൂർത്ത്; പിരിച്ചെടുത്തതിന്‍റെ കണക്കുകള്‍ പുറത്തുവിടാതെ സർക്കാർ

 

തിരുവനന്തപുരം: സ്പോൺസർഷിപ്പ് വിവാദത്തിൽ ആടിയുലഞ്ഞ കേരളീയം പരിപാടിയുടെ കണക്കുകൾ ഒരുമാസം പിന്നിട്ടിട്ടും പുറത്തു വിടാതെ സർക്കാർ. കൂപ്പണോ രസീതോ ഇല്ലാതെ സ്പോൺസർഷിന്‍റെ പേരിൽ വ്യാപക പിരിവ് നടത്തുന്നതായ ആക്ഷേപമുയർന്നതോടെയാണ് പരിപാടി കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളിൽ കണക്ക് പ്രസിദ്ധീകരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. വ്യാപക പിരിവ് നടത്തിയെങ്കിലും കണക്കുകൾ ഏകോപിപ്പിക്കുന്നതിൽ വകുപ്പുകൾ ഇരുട്ടിൽ തപ്പുകയാണ്.

സർക്കാർ ഏറെ കൊട്ടിഘോഷിച്ചു തലസ്ഥാനത്ത് നവംബർ 1 മുതൽ 7 വരെ നടത്തിയ കേരളീയം പരിപാടിയുടെ ധനസമാഹരണത്തിനെതിരെ വ്യാപക പരാതികളാണ് ഉയർന്നിരുന്നത്. കോടികൾ പൊടിപൊടിച്ച് നടത്തിയ കേരളീയം പരിപാടിക്ക് 27 കോടി 12 ലക്ഷം രൂപയായിരുന്നു ആദ്യഘട്ടത്തിൽ സർക്കാർ അനുവദിച്ചത്. ബാക്കി തുക സ്പോൺസർഷിപ്പിലൂടെ കണ്ടെത്താനായിരുന്നു സർക്കാർ നിർദ്ദേശം. ഉന്നത ഉദ്യോഗസ്ഥരെ ഉപയോഗിച്ച് രസീതോ കൂപ്പണോ ഇല്ലാതെ സ്പോൺസർഷിപ്പിന്‍റെ മറവിൽ വ്യാപക പണപ്പിരിവാണ് പിന്നീട് നടന്നത്. പണപ്പിരിവിനെതിരെ പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചതോടെയാണ് പരിപാടി കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാർ കണക്ക് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി ശിവൻകുട്ടി പ്രഖ്യാപിച്ചത്. എന്നാൽ മേള കഴിഞ്ഞ് ഒന്നര മാസമായിട്ടും കണക്ക് ലഭ്യമാക്കുവാൻ സർക്കാർ തയാറായിട്ടില്ല. വിവിധ വകുപ്പുകളോടു പലരും വിവരാവകാശ നിയമപ്രകാരം കണക്ക് ആവശ്യപ്പെട്ടപ്പോൾ വകുപ്പുകൾ കൈ മലർത്തുകയാണ്.

പ്രദർശനങ്ങൾ, ഇൻസ്റ്റലേഷനുകൾ എന്നിവയ്ക്കും അനുബന്ധ പരിപാടികൾക്കുമായി 4.83 കോടി രൂപ ചെലവിട്ടെന്ന പബ്ലിക് റിലേഷൻസ് വകുപ്പിന്‍റെയും അതിഥികൾ, കലാപ്രവർത്തകർ, എന്നിവരുടേത് ഉൾപ്പെടെ പ്രമുഖരുടെ താമസ സൗകര്യത്തിനായി 65.14 ലക്ഷം രൂപ ചെലവായെന്ന പൊതുഭരണ വകുപ്പിന്‍റെയും നാമമാത്രമായ കണക്കുകളാണ് ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിട്ടുള്ളത്. 78 കോടിയിലേറെ രൂപ പരിപാടിക്കായി പൊടി പൊടിച്ചതായ പ്രാഥമിക വിവരമാണ് ആദ്യഘട്ടത്തിൽ പുറത്തുവന്നിരുന്നത്. ഇതിനായി സർക്കാർ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് എത്ര കോടി സമാഹരിച്ചു എന്നതിൽ ദുരൂഹത തുടരുകയാണ്.

Comments (0)
Add Comment