ആംഡ് പൊലീസ് റാങ്ക് ലിസ്റ്റിലുള്ളവരെ അവഗണിച്ച് സർക്കാരും പി.എസ്.സിയും ; ഒരു നിയമനം പോലും നടത്താതെ കെ.എ.പി-5 ബറ്റാലിയന്‍

Jaihind News Bureau
Wednesday, May 20, 2020

 

കേരള ആംഡ് പോലീസിന്‍റെ ഒന്ന്, അഞ്ച് ബറ്റാലിയനുകളിലെ റാങ്ക് ലിസ്റ്റിൽപ്പെട്ട ഉദ്യോഗാർത്ഥികളോട് പി.എസ്.സിയും സർക്കാരും അവഗണന തുടരുന്നതായി പരാതി. കെ.എ.പി – 5 ലെ റാങ്ക് ലിസ്റ്റിൽപ്പെട്ട ഒരാളെ പോലും ഇതുവരെ നിയമിച്ചിട്ടില്ല. കെ.എ.പി – 1 ബറ്റാലിയനിലെ 67 നിയമനങ്ങൾ മാത്രമാണ് നടന്നത്. ജൂൺ 31 ന് റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുന്നതിനാൽ തീയതി നീട്ടി നൽകണമെന്ന് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നു.

1.07.2019 ലാണ് കേരള ആംഡ് പോലീസിന്‍റെ ഒന്ന്, അഞ്ച് ഉൾപ്പെടെ വിവിധ ബറ്റാലിയനുകളുടെ റാങ്ക് ലിസ്റ്റുകൾ നിലവിൽ വന്നത്. എന്നാൽ കെ.എ.പി – 1 എറണാകുളം ജില്ലയിലേയും, കെ.എ.പി – 5 കോട്ടയം, ഇടുക്കി ജില്ലകളിലേയും സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളെ സർക്കാർ അവഗണിക്കുന്നതായി പരാതി ഉയർന്നിരിക്കുന്നു. എം.എസ്.പി, എസ്.എ.പി ഉൾപ്പെടെ മറ്റ് 5 ബറ്റാലിയനുകളിലേയും മുഴുവൻ ഒഴിവുകളിലേക്കുമുള്ള നിയമനങ്ങൾ പൂർത്തിയായിട്ടും കെ.എ.പി ഒന്ന്, അഞ്ച് ബറ്റാലിയനുകളിലെ ഉദ്യോഗാർത്ഥികളോടുള്ള അവഗണന തുടരുകയാണ്. 268 ഒഴിവുകളുള്ള കെ.എ.പി – 5 ൽ ഒരാളെ പോലും പി.എസ്.സി ഇതുവരെ നിയമിച്ചിട്ടില്ല. 384 ഒഴിവുകളുള്ള കെ.എ.പി – 1 ബറ്റാലിയനിലെ 67 നിയമനങ്ങൾ മാത്രമാണ് നടന്നത്. രണ്ട് റാങ്ക് ലിസ്റ്റുകളുടേയും കാലാവധി അടുത്തമാസം 31 ന് അവസാനിക്കും. ആയതിനാൽ റാങ്ക് ലിസ്റ്റിന്‍റെ കാലാവധി നീട്ടാൻ സർക്കാരും – പി.എസ്.സിയും തയാറാകണമെന്ന് ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്നു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി  കോളേജിലെ എസ്.എഫ്.ഐ നേതാക്കളുടെ കോപ്പിയടി വിവാദത്തെ തുടർന്ന് 5 മാസം പോലീസ് റാങ്ക് ലിസ്റ്റുകളുടെ നടപടി പി.എസ്.സി മരവിപ്പിച്ചിരുന്നു. പിന്നാലെ നിപ്പയും, കൊറോണയും നിയമന നടപടികൾ തടസപ്പെടുത്തി. ഇനി 40 ദിവസം മാത്രമാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കാനുള്ളത്. 4 മാസത്തേക്കെങ്കിലും കാലാവധി നീട്ടണമെന്ന് ഉദ്യോഗർത്ഥികൾ ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം പോലീസുദ്യോഗസ്ഥരാകാൻ പ്രതീക്ഷയോടെ കാത്തിരുന്ന 27 വയസ് പൂർത്തിയായ നിരവധി പേർക്ക് അവസരം നഷ്ടപ്പെടും.