തെരഞ്ഞെടുപ്പ് മുന്നില്‍ ; അഴിമതി ആരോപണങ്ങളില്‍ പ്രതിക്കൂട്ടിലായി സർക്കാരും സിപിഎമ്മും ; പ്രതിസന്ധി

Jaihind News Bureau
Thursday, September 10, 2020

 

തിരുവനന്തപുരം:  തദ്ദേശ – നിയമസഭാ തെരെഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കേ വിവിധ വിഷയങ്ങൾ മുൻനിർത്തി സി.പി.എം നേതൃത്വവും സർക്കാരും സമ്പൂർണ്ണ പ്രതിരോധത്തിലായി. സ്വർണ്ണക്കടത്ത് കേസിൽ ബിനീഷ് കോടിയേരിയിലേക്ക് സംശയമുന നീണ്ടതോടെ ഇടതുമുന്നണിയിലും അസ്വാരസ്യങ്ങൾ ഉയർന്നു കഴിഞ്ഞു.

സംസ്ഥാനത്ത് നിർണ്ണായക തെരെഞ്ഞെടുപ്പുകൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങാൻ മുന്നണികൾ തയ്യാറെടുക്കുന്നതിനിടയിലാണ് സ്വർണ്ണക്കടത്ത് അടക്കമുള്ള ഗൗരവതരമായ വിഷയങ്ങൾ സി.പി.എമ്മിനെയും സർക്കാരിനെയും പ്രതിക്കൂട്ടിലാക്കുന്നത്.
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എൻ.ശിവശങ്കറിന് പുറമേ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരിയെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തതോടെ സി.പി.എം നേതൃത്വം തികഞ്ഞ പ്രതിരോധത്തിലായി.
പാർട്ടിക്കും സർക്കാരിനും സ്വർണ്ണക്കടത്തിൽ പങ്കില്ലെന്ന് സംസ്ഥാന നേതാക്കൾ അവർത്തിക്കുമ്പോഴാണ് സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്‍റ് 12 മണിക്കൂർ ചോദ്യം ചെയ്യലിന് വിധേയമാക്കിയത്. ഇതോടെ പാർട്ടി നേതാക്കളുടെ ന്യായീകരണങ്ങളെല്ലാം അസ്ഥാനത്തായി.  കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായ  കാലയളവിലാണ് മക്കളായ ബിനീഷിന്‍റേയും ബിനോയിയുടെയും സമ്പത്തിൽ പതിന്മടങ്ങ് വർധനയുണ്ടായതെന്ന് പാർട്ടിക്കുള്ളിൽ തന്നെ ചില നേതാക്കൾ അടക്കം പറയുന്നു.
ഇതിനെല്ലാം പുറമേ ഏറെ വിവാദങ്ങൾ ഉയർന്നു വന്ന സ്പ്രിങ്ക്ളർ ഇടപാടിലും ബെവ് ക്യു ആപ്പ് അഴിമതിയിലും അന്വേഷണം എങ്ങുമെത്താത്തതിൽ സി.പി.ഐ അടക്കമുള്ള കക്ഷികൾ അതൃപ്തിയിലാണ്.  ഒന്നിന്നു പിറകെ ഒന്നായി നിരവധി ആരോപണങ്ങൾ സർക്കാരിനും പാർട്ടി സംസ്ഥാന നേതൃത്വത്തിനും എതിരെ ഉയരുകയും ഇതിനെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയാതെ വരികയും ചെയ്തതോടെ ബ്രാഞ്ച് തലത്തിലടക്കം സി.പി.എമ്മിന്‍റെ അടിത്തറയിളകിയത് വരാനിരിക്കുന്ന തെരെഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ പ്രതികൂലമായി ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
https://youtu.be/6VerHpb91iI
teevandi enkile ennodu para