അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമം ; ഹാത്രസില്‍ പ്രതികളുടെ ആരോപണം നിഷേധിച്ച് പെണ്‍കുട്ടിയുടെ കുടുംബം

Jaihind News Bureau
Friday, October 9, 2020

 

ന്യൂഡല്‍ഹി: ഹാത്രസ്‌ സംഭവത്തിൽ പ്രതികളുടെ ആരോപണം നിഷേധിച്ച് പെണ്‍കുട്ടിയുടെ കുടുംബം. അന്വേഷണം വഴി തിരിച്ചു വിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കുടുംബം വ്യക്തമാക്കി. അതിനിടെ നിയമവിരുദ്ധമായി തടങ്കലിൽ പാർപ്പിച്ചിരിക്കുന്നു എന്ന് കാണിച്ച് കുടുംബം നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി.

കഴിഞ്ഞ ദിവസമാണ് പ്രതികൾ തങ്ങൾ നിരപരാധികൾ ആണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും  കാണിച്ച് സർക്കാരിനും ഒപ്പം ഹാത്രസ്‌ എസ്പിക്കും കത്തെഴുതിയത്. പെണ്‍കുട്ടിയുമായി പ്രണയത്തിൽ ആയിരുന്നുവെന്നും വയലിൽ വച്ച് കണ്ടുമുട്ടിയ തന്നെയും പെണ്‍കുട്ടിയെയും കുടുംബം മർദിച്ചു എന്നുമാണ് പ്രതികളിൽ ഒരാളായ സന്ദീപ് വ്യക്തമാക്കിയത്. കുടുംബത്തിന്‍റെ മർദനമാണ് പെണ്‍കുട്ടിയുടെ മരണ കാരണം എന്നും പ്രതികൾ കത്തിൽ ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ കുടുംബം നിഷേധിച്ചു. കേസ് വഴി തിരിച്ചു വിടാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്. എങ്ങനെയാണ് സ്വന്തം മകളെ ഇത്തരത്തിൽ മർദിക്കാൻ കഴിയുക. പെണ്‍കുട്ടിയെ മാസങ്ങളായി സന്ദീപ് ശല്യപ്പെടുത്തുന്നതായും കുടുംബം ആരോപിച്ചു.

അതിനിടെ നിയമവിരുദ്ധമായി വീട്ടു തടങ്കലിൽ പാർപ്പിച്ചിരിക്കുന്നു എന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളതുകൊണ്ട് ഇടപെടുന്നില്ലെന്ന് കോടതി അറിയിച്ചു. കുടുംബത്തിന് സുപ്രീംകോടതിയെ സമീപിക്കാം എന്നും കോടതി പറഞ്ഞു. അതിനിടെ ഹാത്രസിലേക്കുള്ള യാത്രമദ്ധ്യേ പൊലീസ് കസ്റ്റഡിയിൽ എടുത്ത മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്‍റെ മോചനത്തിനായി കേരള പത്ര പ്രവർത്തക യൂണിയൻ സമർപ്പിച്ച ഹർജി തിങ്കളാഴ്ച പരിഗണിക്കും.