കൊല്ലം ജില്ലയിലെ പത്തനാപുരം പാടത്ത് കണ്ടെത്തിയ സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിച്ചത് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെന്ന് തിരിച്ചറിഞ്ഞു. കശുവണ്ടി തോട്ടത്തിൽ സ്ഫോടക വസ്തുക്കൾ ഉപേക്ഷിച്ച് മൂന്നാഴ്ച പിന്നിട്ടതായാണു നിഗമനം. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
തിരുച്ചിറപ്പിള്ളിയിലെ വെട്രിവേൽ എക്സ്പ്ലോസീവ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് ജലാറ്റിൻ സ്റ്റിക്ക് നിർമിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. സൺ 90 എന്ന ബ്രാൻഡ് ജലാറ്റിൻ സ്റ്റിക്ക് ആണിത്. നോൺ ഇലക്ട്രിക് വിഭാഗത്തിൽ ഉൾപ്പെടുന്ന ഡിറ്റണേറ്ററുകളും കണ്ടെത്തിയിരുന്നു. ജലാറ്റിൻ സ്റ്റിക്കിൽ ബാച്ച് നമ്പർ ഇല്ലാത്തതിനാൽ ആർക്കാണു വിറ്റതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല.
തീവ്രവാദ വിരുദ്ധ സേനയിലെ ഉദ്യോഗസ്ഥർ സമീപ പ്രദേശത്തുള്ളവരെ കണ്ട് അന്വേഷണം നടത്തി. പാടം മേഖലയിലെ കഴിഞ്ഞ ഒരു വർഷം മുതലുള്ള ഫോൺകോളുകളും പരിശോധിച്ചു വരുന്നു. അതിനിടെ പത്തനംതിട്ട ജില്ലയിലെ കോന്നിയിലും സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന്‍റെയും സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡിന്‍റെയും വനംവകുപ്പിന്‍റെയും നേതൃത്വത്തിലുള്ള സംയുക്ത പരിശോധന അതിര്‍ത്തി വനമേഖലയില്‍ തുടരുകയാണ്.