പ്രഥമ വി.വി പ്രകാശ് സദ്ഭാവന പുരസ്കാരം നജീബ് കാന്തപുരം എംഎല്‍എയ്ക്ക്

Jaihind Webdesk
Wednesday, May 4, 2022

 

മലപ്പുറം: ജില്ലാ കോൺഗ്രസ് കമ്മിറ്റിഅധ്യക്ഷനായിരിക്കെ അകാലത്തിൽ അന്തരിച്ച വി.വി പ്രകാശിന്‍റെ സ്മരണാർത്ഥം മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ‘ചർക്ക അസറ്റ് ഫോർ ദ നേഷൻ’ ഏർപ്പെടുത്തിയ പ്രഥമ സദ്ഭാവന അവാർഡ് നജീബ് കാന്തപുരം എംഎൽഎയ്ക്ക് സമ്മാനിക്കുമെന്ന് ചർക്ക ഭാരവാഹികൾ അറിയിച്ചു. പെരിന്തൽമണ്ണയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി.ബൽറാം അവാർഡ് കൈമാറും.

എംഎൽഎ ആയി ഒരു വർഷം കൊണ്ട് തന്നെ രാഷ്ട്രീയത്തിനതീതമായി പെരിന്തൽമണ്ണയിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും പുരോഗമനപരവും വ്യത്യസ്തവുമായ ഇടപെടലുകളും പരിഗണിച്ചാണ് അവാർഡ് എന്ന് ഭാരവാഹികൾ പറഞ്ഞു. ചർക്കയുടെ പ്രഥമ അവാർഡാണ് നജീബ് കാന്തപുരത്തിന് നൽകുന്നത്. തുടർന്നുള്ള വർഷങ്ങളിലും വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച മഹദ് വ്യക്തിത്വങ്ങൾക്ക് വി.വി പ്രകാശ് അനുസ്മരണ ദിനത്തിൽ സദ്ഭാവനാ അവാർഡ് സമ്മാനിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.