15-ാം നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 24 മുതൽ ; ബജറ്റ് ജൂൺ 4 ന്

തിരുവനന്തപുരം : പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് മേയ് 24ന് തുടക്കമാകും. എംഎൽഎമാരുടെ സത്യപ്രതിജ്ഞ മേയ് 24ന് നടക്കും. പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്ത കുന്നമംഗലം എംഎല്‍എ പി.ടി.എ റഹിം പുതിയ എംഎൽഎമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. 25ന് രാവിലെ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും. എം.ബി രാജേഷാണ് എൽഡിഎഫിന്‍റെ സ്പീക്കർ സ്ഥാനാർത്ഥി.

പുതിയ സർക്കാരിന്‍റെ നയപ്രഖ്യാപനം 28 ന് രാവിലെ ഗവർണർ നടത്തും. അടുത്ത മന്ത്രിസഭാ യോഗം നയപ്രഖ്യാപനത്തിന്‍റെ കരട് അംഗീകരിച്ച് ഗവർണർക്ക് കൈമാറും. മേയ് 31, ജൂൺ 1, 2 തീയതികളിൽ ഗവർണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ചയും നടക്കും.

ജൂൺ നാലിന് രാവിലെ 9ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പുതുക്കിയ ബജറ്റും വോട്ട് ഓൺ അക്കൗണ്ടും അവതരിപ്പിക്കും. 7, 8, 9 തീയതികളിൽ ബജറ്റ് സംബന്ധിച്ച പൊതു ചർച്ച നടക്കും. 10നു നാലു മാസത്തേക്കുള്ള വോട്ട് ഓൺ അക്കൗണ്ട് സംബന്ധിച്ച ചർച്ചയും വോട്ടെടുപ്പും. 14ന് ധനവിനിയോഗ ബിൽ പരിഗണനയ്ക്ക് എടുക്കും.

Comments (0)
Add Comment