വയനാട് ഉരുൾപൊട്ടൽ ദുരന്തം; കാണാതായവർക്കുള്ള തിരച്ചിലിന്‍റെ ആദ്യ ഘട്ടം നാളെ പൂർത്തിയാകും

 

വയനാട്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ അവസാനത്തിലേക്ക് അടുക്കുന്നു. നാളെ തിരച്ചിലിന്‍റെ ആദ്യ ഘട്ടം പൂർത്തിയാകും. മലപ്പുറം, വയനാട് ജില്ലകളിൽ നടന്ന തിരച്ചിലിൽ ഇന്നിതുവരെ മൃതദേഹങ്ങളോ മൃതദേഹാവശിഷ്ടങ്ങളോ ലഭിച്ചിട്ടില്ല.

ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, പുഞ്ചിരിമട്ടം, ചൂരൽമല, അട്ടമല, മലപ്പുറം ജില്ലയിലെ ചാലിയാറിന്‍റെ തീരങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പതിനാറാം ദിവസത്തെ തിരച്ചിൽ. ചൂരൽമല സ്കൂൾ റോഡിൽ ഫയർ ആൻഡ് റസ്ക്യു, സിവിൽ ഡിഫൻസ് സംഘത്തിന്‍റെ പരിശോധനയിൽ പാറക്കടിയിൽ നിന്ന് കവറിൽ കെട്ടിയ നിലയിൽ നാല് ലക്ഷം രൂപ കണ്ടെടുത്തു. നിലമ്പൂരിൽ പോലീസിന്‍റെയും ഫയർഫോഴ്സിന്‍റെയും നേതൃത്വത്തിൽ നാല് ഭാഗങ്ങൾ ആയിട്ടാണ് ചാലിയാറിൽ തിരച്ചിൽ നടക്കുന്നത്. തിരച്ചിലിന്‍റെ ആദ്യഘട്ടം നാളെ അവസാനിക്കും.

സന്നദ്ധ പ്രവർത്തകരുടെ ഇതുവരെയുള്ള സേവനത്തെ സർക്കാർ വിലമതിക്കുന്നു എന്നും എന്നാൽ അപകടകരമായ സ്ഥലങ്ങളിലേക്ക് ഒറ്റയ്ക്ക് തിരച്ചിലിനു പോകാൻ സന്നദ്ധ പ്രവർത്തകർ തയാറാകരുതെന്നും മന്ത്രി പറഞ്ഞു. ആവശ്യമെങ്കിൽ ജില്ലാ ഭരണകൂടത്തെ അറിയിച്ചാൽ ഉദ്യോഗസ്ഥർക്കൊപ്പം ഇനിയും പരിശോധന നടത്താമെന്നും മന്ത്രി വ്യക്തമാക്കി. ഉരുൾപൊട്ടലിന്‍റെ കാരണം തേടി ഭൗമശാസ്ത്ര വിദഗ്ധൻ ഡോക്ടർ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ളസംഘം നടത്തുന്ന പഠനം ഇപ്പോഴും തുടരുകയാണ്.

Comments (0)
Add Comment